നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ല; കോടതി മരണവാറണ്ട് സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: അവസാന നിമിഷം വീണ്ടും മരണത്തില്‍ നിന്ന് രക്ഷപ്പെട്ട് നിര്‍ഭയ കേസ് പ്രതികള്‍. നാളെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കോടതി മരണവാറണ്ട് സ്‌റ്റേ ചെയ്തത്.പട്യാല ഹൗസ് കോടതിയാണ് മരണവാറണ്ട് സ്‌റ്റേ ചെയ്തത്. വിധി നടപ്പിലാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോടതിയുടെ ഭാഗത്ത് നിന്ന് നിര്‍ണായക തീരുമാനം ഉണ്ടായത്.

നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നീട്ടിവെച്ചിരിക്കുന്നു എന്നായിരുന്നു കോടതി ഉത്തരവ്. ജസ്റ്റിസ് ധര്‍മേന്ദര്‍ ആണ് തുറന്ന കോടതിയില്‍ വിധി വായിച്ചത്.ഫെബ്രുവരി 1 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ അക്ഷയ് കുമാര്‍ വിനയ് ശര്‍മ എന്നിവരാണ് ഹര്‍ജി നല്‍കിയത്. തങ്ങളുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതി ഇതുവരെയും തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചത്.പ്രതികളുടെ ഹര്‍ജിയില്‍ പട്യാല ഹൗസ് കോടതി ഇന്ന് രാവിലെ വിശദമായ വാദം കേട്ടിരുന്നു.

Loading...

ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുത്തില്ല, തിരുത്തല്‍ ഹര്‍ജി തള്ളിയതിന് ശേഷം 14 ദിവസത്തിന് ശേഷം മാത്രമേ വിധി നടപ്പിലാക്കാവൂ എന്ന ജയില്‍ച്ചട്ടം ലംഘിച്ചു തുടങ്ങി വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്‍പുള്ള നിയമപരമായ അവകാശങ്ങള്‍ പ്രതികള്‍ക്ക് ലഭിച്ചില്ലെന്നായിരുന്നു പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക ഉത്തരവ് പറയുമെന്നായിരുന്നു കോടതി അറിയച്ചതെങ്കിലും അഞ്ച് മുക്കാലോടെയാണ് വിധി വന്നത്.

അതേസമയം നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തളളി. കുറ്റകൃത്യം നടന്ന സമയത്ത് താന്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് പവന്‍ കുമാര്‍കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതേ ആവശ്യമുന്നയിച്ച് നേരത്തെ പവന്‍ കുമാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് പവന്‍ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

നിർഭയക്കേസ് പ്രതികളെ തൂക്കിലേറ്റുന്നതിനു മുന്നോടിയായി ആരാച്ചാർ പവൻ ജല്ലാദ് തിഹാർ ജയിലിലെത്തിയിരുന്നു
ചുമതലയേറ്റു. കോടതിയുടെ വാറന്റുപ്രകാരം ശനിയാഴ്ച വധശിക്ഷ നടക്കാനിടയില്ലെങ്കിലും ആരാച്ചാർ എത്തിയതായാണ് റിപ്പോർട്ട്.യു.പി.യിലെ മീററ്റിൽനിന്നാണ് പവൻജല്ലാദ് എത്തിയത്. പവൻതന്നെയാകുമോ നിർഭയപ്രതികളെ തൂക്കിലേറ്റുക എന്നതിന് ഔദ്യോഗികസ്ഥിരീകരണം ലഭിച്ചിട്ടില്ല.കേസിലെ നാലുപ്രതികളെ തൂക്കിലേറ്റാൻ താൻതയ്യാറാണെന്ന് പവൻ നേരത്തേ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.കേസിലെ മുഴുവൻ പ്രതികളെയും ഒന്നിച്ചാണു തൂക്കിലേറ്റുക. തിഹാർജയിലിൽ രണ്ടുപേരെ ഒരുമിച്ചുതൂക്കാനുള്ള സൗകര്യമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത് നാലാക്കിയിട്ടുണ്ട്.നിര്‍ഭയ പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ തയ്യാറാണെന്നും പ്രതികളെ തൂക്കിലേറ്റുന്നതില്‍ മനസ്താപമില്ലെന്നും നേരത്തെ ആരാച്ചാര്‍ പവന്‍ ജല്ലാദ് വ്യക്തമാക്കിയിരുന്നു. നാല് പ്രതികളും വധശിക്ഷ അര്‍ഹിക്കുന്നവരാണെന്നും ഇതുപോലുള്ള ക്രൂരകൃത്യങ്ങള്‍ക്ക് വധശിക്ഷ തന്നെയാണ് മറുപടിയെന്നും പവന്‍ ജല്ലാദ് തുറന്ന് പറഞ്ഞിരുന്നു.ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കായിരുന്നു വിനയ് ശര്‍മ്മ, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, മുകേഷ് സിങ് എന്നീ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനിരുന്നത്.