നിര്‍ഭയ കേസ്; പുതിയ മരണവാറണ്ട് പുറപ്പെടുവിക്കുന്നത് നീളും; കോടതി വളപ്പില്‍ പ്രതിഷേധം

ദില്ലി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വീണ്ടും നീളാന്‍ സാധ്യത. പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കാണ് മാറ്റിവെച്ചത്. ദില്ലി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി.പ്രതികൾ സമർപ്പിച്ച ദയാഹർജികളിലും തിരുത്തൽ ഹർജികളിലും അന്തിമ തീരുമാനം കാത്തിരുന്നതിനെ തുടർന്നാണ് മുൻപ് രണ്ട് തവണ പുറപ്പെടുവിച്ച മരണവാറണ്ടുകളും റദ്ദായിപ്പോയത്. സുപ്രീം കോടതിയിൽ തങ്ങളുടെ പുതിയ ഹർജികൾ ഉണ്ടെന്നും വെള്ളിയാഴ്ച കോടതി ഇത് പരിഗണിക്കാൻ ഇരിക്കുകയാണെന്നും പുതിയ മരണവാറണ്ട് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെ പ്രതികളുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു.

കേസിലെ പ്രതിയായ പവൻ ഗുപ്തയുടെ അഭിഭാഷകൻ പിന്മാറിയതിനെ തുടർന്ന് കേസ് ഏറ്റെടുത്ത പുതിയ അഭിഭാഷകൻ കേസ് പഠിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതോടെയാണ് കോടതി ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്. കേസിലെ മറ്റൊരു പ്രതിയായ വിനയ് ശർമ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും.വികാരഭരിതയായാണ് നിർഭയയുടെ അമ്മ കോടതി ഉത്തരവ് കേട്ടത്. തങ്ങൾക്ക് ഇനി എന്നാണ് നീതി ലഭിക്കുക എന്ന് ആശാ ദേവി ചോദിച്ചു. തങ്ങൾക്ക് നീതി നിഷേധിക്കുകയാണെന്ന് ആരോപിച്ച് ഇവർ ഇന്നലെ പാട്യാല ഹൗസ് കോടതി വളപ്പിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു. അതേ സമയം വധശിക്ഷ നടപ്പിലാക്കുന്നത് റദ്ദാക്കണമെന്ന് പ്രതികളുടെ ബന്ധുക്കളും ആവശ്യപ്പെട്ടു.

Loading...

രാജ്യ തലസ്ഥാനത്ത് 23 കാരിയായ പെൺകുട്ടിയെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്ത് മൃതപ്രായയാക്കിയ കേസാണിത്. രണ്ട് ആഴ്ച മരണത്തോട് മല്ലടിച്ച് പെൺകുട്ടി പൊരുതി നിന്നപ്പോൾ രാജ്യം മുഴുവൻ അലയടിച്ച പ്രതിഷേധമാണ് ഈ വിധിക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിയ പെൺകുട്ടിയെ ആറംഗ സംഘമാണ് ഓടുന്ന ബസിൽ ബലാത്സംഗത്തിന് ഇരയാക്കിയത്.ദ്വാരകയിൽ നിന്ന് മുനിർക്കയിലേക്ക് ഓട്ടോ കാത്ത് നിന്ന പെൺകുട്ടിക്കും സുഹൃത്തിനും ലഭിച്ചത് ബസാണ്. ബസ് യാത്ര തുടങ്ങിയപ്പോഴേക്കും ജാലകങ്ങളെല്ലാം അടയ്ക്കുകയും പിന്നീട് മറ്റൊരു വഴിയിലൂടെ ബസ് നീങ്ങുകയും ചെയ്തു. ഈ സമയത്താണ് പെൺകുട്ടിയുട സുഹൃത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ സമയത്ത് ബസിനകത്തുണ്ടായിരുന്ന ആറ് പേരും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ നേരെ തിരിഞ്ഞു

.പെൺകുട്ടിയും സുഹൃത്തും ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ അതിക്രൂരമായ ആക്രമണമാണ് ഇവർ ഓടുന്ന ബസിനകത്ത് അഴിച്ചുവിട്ടത്. ഇതിന് ശേഷമായിരുന്നു പെൺകുട്ടിയെ ആറുപേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കിയത്. പിന്നീട് പെൺകുട്ടിയെയും സുഹൃത്തിനെയും ബസിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. രാത്രി 11 മണിയോടെ ഇതുവഴി പോയ ഒരു യാത്രക്കാരനാണ് ഇവരെ സഫ്‌ദർജങ് ആശുപത്രിയിൽ എത്തിച്ചത്. ഡിസംബർ 29 ന് സിംഗപ്പൂരിലെ ആശുപത്രിയിൽ പെൺകുട്ടി മരിച്ചു. സുഹൃത്ത് നാളുകൾ നീണ്ട ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യം കൈവരിച്ചു.ആ പെൺകുട്ടി ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലായിരുന്നു. അവളുടെ മാതാപിതാക്കൾ പക്ഷെ ഉത്തർപ്രദേശിലെ ബാലിയ ജില്ല സ്വദേശികളാണ്. ഫിസിയോതെറാപ്പി പരിശീലന വിദ്യാർഥിയായിരുന്ന പെൺകുട്ടിയുടെ പഠനാവശ്യത്തിനായി അച്ഛൻ കുടുംബസ്വത്തായി കിട്ടിയ ഭൂമി വിറ്റിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത്, ഗോരഖ്‌പൂറിൽ നിന്നുള്ള സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു.കാട്ടുതീ പോലെയാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായ വാർത്ത രാജ്യത്തിനകത്തും പുറത്തും പടർന്നത്. തുടർന്ന് തലസ്ഥാനത്ത് യാതൊരു പ്രേരണയുമില്ലാതെ ജനങ്ങൾ ഒഴുകിയെത്തി. റൈസിന കുന്നിലും ഇന്ത്യാ ഗേറ്റിലുമായി ഡിസംബർ 21 ന് പ്രതിഷേധ കൂട്ടായ്മ നടന്നു. പൊലീസിന്റെയും ഭരണാധികാരികളുടെയും കണക്കൂകൂട്ടലുകളെ അപ്പാടെ തകിടം മറിച്ച് ആയിരക്കണക്കിന് പേരാണ് ഇരു സ്ഥലത്തുമായി ഒത്തുചേർന്നത്.