നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ തള്ളി. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്. ഉച്ചക്ക് 1.45ന് ജസ്റ്റിസ് എന്‍.വി.രമണയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്.നരിമാന്‍, ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ഇനി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുക മാത്രമാണ് അവസാനത്തെ വഴി. ന്യൂഡല്‍ഹി പട്യാല കോടതി കേസിലെ നാല് പ്രതികള്‍ക്കും മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. 22ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. 2012 ഡിസംബര്‍ 16ന് ഓടിക്കൊണ്ടിരുന്ന ബസില്‍ 23 കാരിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗത്തിന് ഇരയാക്കുകയും പിന്നീട് പെണ്‍കുട്ടി മരിക്കുകയും ചെയ്ത കേസിലാണ് നാല് പ്രതികള്‍ക്കും വധശിക്ഷ നല്‍കിയത്.

Loading...

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പാട്ട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതോടെ തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പിലാക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലേക്ക്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് നാല് പ്രതികളെ ഒരുമിച്ച്‌ തൂക്കിക്കൊല്ലുന്നത്. അതിനാല്‍ തന്നെ വലിയ തൂക്കുമരത്തട്ട് ആവശ്യമാണ്. ഒരൂ മാസം മുന്‍പ് തന്നെ ജയിലില്‍ തൂക്കുമരത്തട്ട് പുനര്‍നിര്‍മ്മിച്ചിരുന്നു. തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടിനും ഭൂമിക്കടിയിലേക്കുള്ള തുരങ്കം കുഴിക്കുന്നതിനുമായി കഴിഞ്ഞ ദിവസം ജയില്‍ വളപ്പില്‍ ജെ.സി.ബി എത്തിച്ച്‌ പണികള്‍ നടത്തിയിരുന്നു. ഈ തുരങ്കത്തിലൂടെയാണ് തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൈമാറുന്നത്. തൂക്കിലേറ്റുന്നതിന് മുന്നോടിയായി ഡമ്മികളെ ഉപയോഗിക്കുച്ചുള്ള പരിശോധന ഉടന്‍ നടത്തുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ എല്ലാ ജയിലുകള്‍ക്കും തൂക്കുകയര്‍ നിര്‍മിച്ചുനല്‍കുന്നത് ബക്സര്‍ ജയിലില്‍ നിന്നാണ്. പുതിയ തൂക്കുകയര്‍ ബക്സര്‍ ജയിലില്‍ നിന്ന് എത്തിക്കഴിഞ്ഞു. അഞ്ചോ ആറോ പേര്‍ മൂന്നു ദിവസത്തെ സമയമെടുത്താണ് ഒരു കയര്‍ നിര്‍മിക്കുന്നത്. ഇതിനായി ജയിലില്‍ പ്രത്യേക പരിശീലനം ലഭിച്ച തടവുകാര്‍ ഉണ്ട്. തൂക്കിലേറ്റാന്‍ വിധിക്കുന്ന പ്രതിയുടെ ഉയരത്തിന്റെ 1.6 മീറ്റര്‍ മടങ്ങ് നീളമുള്ള കയറാണ് വേണ്ടത്. തിഹാറിലേക്കായി അവസാനം ബക്സില്‍ നിന്ന് തൂക്ക് കയറെത്തിയത് 2013ല്‍ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ഗുരുവിനെ തൂക്കിലേറ്റുന്നതിനായാണ്.

ഉത്തര്‍പ്രദേശിലെ ഏക ആരാച്ചാര്‍ പവന്‍ ജലാദിനെ (59) തിഹാറിലെത്തിക്കണമെന്ന് നേരത്തെ ഡല്‍ഹി പൊലീസ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. പവന്‍ അടുത്ത ദിവസം തന്നെ തിഹാറില്‍ എത്തും. നിര്‍ഭയയെ പോലുള്ള മകള്‍ എനിക്കും ഉണ്ട്. കേസിലെ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ല. സന്തോഷത്തോടെ ജോലി നിര്‍വഹിക്കും.’ പവന്‍ ജലാദ് പറഞ്ഞു. പവന്റെ അച്ഛനും മുത്തച്ഛനും ആരാച്ചാര്‍ ആയിരുന്നു. ഇന്ദിരാഗാന്ധിയുടെ ഘാതകരെ തൂക്കിലേറ്റിയത് മുത്തച്ഛന്‍ കാലു ആയിരുന്നു. അച്ഛനും മുത്തച്ഛനും ഒപ്പം സഹായിയായും പവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്ബ് നിഥാരി കൊലക്കേസിലെ പ്രതി സുരേന്ദ്ര കോലിയെ തൂക്കിലേറ്റാന്‍ പവന്‍ നിയോഗിക്കപ്പെട്ടെങ്കിലും അവസാന നിമിഷം വധശിക്ഷ പിന്‍വലിച്ചു.