നിര്‍ഭയ കേസ് പ്രതി വീണ്ടും കോടതിയില്‍; ദയാഹര്‍ജി തള്ളിയ നടപടി ക്രമത്തില്‍ പിഴവെന്ന് ആരോപണം

ന്യൂഡല്‍ഹി: വധശിക്ഷ നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രതികളിലൊരാളായ വിനയ് ശര്‍മ വീണ്ടും കോടതിയെ സമീപിച്ചു. രാഷ്ട്രപതി തള്ളിയ ദയാഹര്‍ജിയിലെ നടപടിക്രമത്തില്‍ വീഴ്ചയുണ്ടെന്ന് കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഭരണഘടനാപരമായ പിഴവും ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിനയ് ശര്‍മ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഹൈക്കോടതി രജിസ്ട്രിയില്‍ കേസ് ഫയല്‍ ചെയ്തതായി വിനയ് ശര്‍മയുടെ അഭിഭാഷകനായ എപി സിങ് വ്യക്തമാക്കി.

വിനയ് ശര്‍മയുടെ ദയാഹര്‍ജി തള്ളിക്കളയണമെന്ന് കാണിച്ച് ഡല്‍ഹി സര്‍ക്കാര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ശുപാര്‍ശയില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ ഒപ്പിട്ടിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ശുപാര്‍ശ ലഭിച്ചതിന് പിന്നാലെയാണ് ഫെബ്രുവരി ഒന്നിന് വിനയ് ശര്‍മയുടെ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്.

Loading...

മാര്‍ച്ച് 20 ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് വീണ്ടും പ്രതി കോടതിയെ സമീപിച്ചിരിക്കുന്നത്. തുടക്കം മുതല്‍ തന്നെ പ്രതികളുടെ ഭാഗത്ത് വധശിക്ഷ നീട്ടിവെപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു.2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്.ഡല്‍ഹിയില്‍ വെച്ച്‌ സുഹൃത്തിനൊപ്പം ദ്വാരകയിലെ മഹാവീര്‍ എന്‍ക്ലേവിലേക്കു ബസില്‍ പോകുന്നതിന് ഇടയിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച്‌ നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്.

ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച്‌ മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മം പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.