നിര്‍ഭയ കേസ്​, അന്ത്യഭിലാഷം അറിയിക്കാന്‍ നോട്ടീസ്​ നല്‍കി

വധശിക്ഷക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ അന്ത്യാഭിലാഷത്തിന് മറുപടി നല്‍കാതെ നിര്‍ഭയ കേസ് പ്രതികള്‍. നിര്‍ഭയ കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന നാലു പ്രതികള്‍ക്കും അന്ത്യാഭിലാഷം ആരാഞ്ഞുകൊണ്ട് ജയില്‍ അധികൃതര്‍ നോട്ടിസ് നല്‍കിയിരുന്നു.

തൂക്കിലേറ്റുന്നതിന് മുമ്പ് കുടുംബാംഗങ്ങളെ കാണേണ്ടതുണ്ടോ, സ്വത്ത് കൈമാറ്റം ആഗ്രഹിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ജയില്‍ അധികൃതര്‍ ആരാഞ്ഞത്. എന്നാല്‍ ചോദ്യങ്ങള്‍ക്ക് നാലുപേരും മറുപടി നല്‍കിയിട്ടില്ല. പ്രതികള്‍ക്ക് പ്രാര്‍ഥന നടത്താന്‍ പുരോഹിതനെ ആവശ്യമുണ്ടോയെന്നും ആരായും.

Loading...

ജയില്‍ചട്ട പ്രകാരം വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് തിഹാര്‍ ജയില്‍ അധികൃതര്‍ തുടക്കം കുറിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കുറ്റവാളി ആവശ്യപ്പെട്ടാല്‍ കുടുംബാംഗങ്ങളെ കാണാന്‍ അനുമതി നല്‍കണമെന്നതാണ് നിയമം. അവരുടെ സ്വത്ത്‌വകകള്‍ ആര്‍ക്ക് കൈമാറണമെന്ന് അറിയിക്കാനുള്ള അവകാശവുമുണ്ട്. തിഹാര്‍ ജയിലില്‍ കഴിയുന്ന മുകേഷ് സിങ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍, പവന്‍ കുമാര്‍ എന്നിവരെ ഫെബ്രുവരി ഒന്നിനാണ് തൂക്കിലേറ്റുക. എന്നാല്‍ വധശിക്ഷ നീട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതികള്‍.

കേസിലെ നാല് പ്രതികളുടെയും വധശിക്ഷ 22ന് നടപ്പാക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, മുകേഷ് സിങ് ദയാഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഇത് നീട്ടിവെച്ചു. ഇയാളുടെ ദയാഹരി രാഷ്ട്രപതി തള്ളിയതോടെയാണ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാന്‍ പുതിയ വാറണ്ട് പുറപ്പെടുവിച്ചത്.

2012 ഡിസംബറില്‍ തെക്കന്‍ ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ ആറംഗ സംഘം ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ശേഷം ബസിന് പുറത്തേക്കെറിഞ്ഞു. അതിഗുരുതര പരിക്കുകളേറ്റ യുവതി 12 ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി. പ്രതികളിലൊരാളായ രാം സിങ് വിചാരണക്കിടെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു.

തിഹാറിലെ ജയില്‍വാസത്തിനിടെ നിര്‍ഭയ കേസിലെ പ്രതികള്‍ ജയില്‍ നിയമം ലംഘിച്ചത് 23 തവണ. തിഹാര്‍ അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ജോലി ചെയ്ത് പ്രതികള്‍ നേടിയത് 1.37 ലക്ഷം രൂപയാണെന്നും പറയുന്നു.

തിഹാര്‍ അധികൃതര്‍ നല്‍കുന്ന വിവരപ്രകാരം ജയില്‍ നിയമങ്ങള്‍ ലംഘിച്ചതിന് അക്ഷയ് കുമാര്‍ സിങ്ങിന് ഒരു തവണ മാത്രമേ ശിക്ഷ ലഭിച്ചിട്ടുള്ളൂ. അതേസമയം മുകേഷിന് മൂന്നുവട്ടവും പവന് എട്ടുതവണയും വിനയിന് പതിനൊന്നുവട്ടവും ശിക്ഷ ലഭിച്ചു.

ജയിലില്‍ ജോലി ചെയ്തയിനത്തില്‍ അക്ഷയ്, പവന്‍, വിനയ് എന്നിവര്‍ ആകെ 1.37 ലക്ഷം രൂപ നേടിയതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു. മുകേഷ് ജയിലില്‍ ജോലി ചെയ്യാന്‍ തയ്യാറല്ലായിരുന്നു. 69,000 രൂപയാണ് അക്ഷയ് ജോലി ചെയ്ത് നേടിയത്. പവന്‍ 29,000 രൂപയും വിനയ് 39,000 രൂപയും നേടി.

2016-ല്‍ അക്ഷയും മുകേഷും പവനും പത്താംക്ലാസ് പഠനത്തിനായി ചേര്‍ന്നിരുന്നു. പരീക്ഷയും എഴുതി. എന്നാല്‍ മൂവര്‍ക്കും വിജയിക്കാനായില്ല. മറ്റൊരു പ്രതിയായ വിനയ്, 2015-ല്‍ ഒരു വര്‍ഷത്തെ ബിരുദത്തിന് ചേര്‍ന്നിരുന്നു. എന്നാല്‍ വിനയിനും പരീക്ഷ ജയിക്കാന്‍ സാധിച്ചില്ല.

വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് പ്രതികളുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുവട്ടം ഇവരെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. വിനയിന്റെ അച്ഛന്‍ ചൊവ്വാഴ്ച ജയിലിലെത്തി മകനെ സന്ദര്‍ശിച്ചു. നാലുപ്രതികളില്‍ ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ചത് വിനയിനാണ്. ഇയാള്‍ ഉത്കണ്ഠ അനുഭവിക്കുന്നുണ്ടെന്നും ജയില്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

അക്ഷയ് കുമാര്‍ സിങ്ങിനെ കാണാന്‍ കുടുംബാംഗങ്ങള്‍ അവസാനം എത്തിയത് കഴിഞ്ഞ നവംബറിലാണ്. കുടുംബാംഗങ്ങളുമായി ഇയാള്‍ ഫോണില്‍ സംസാരിക്കാറുണ്ട്. അതേസമയം വധശിക്ഷയ്ക്കുള്ള തീയതി കോടതി പുറപ്പെടുവിച്ചതിനു പിന്നാലെ പ്രതികളെ ആരെയും കുടുംബാംഗങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല.