നിര്‍ഭയ പ്രതികളുടെ വധശിക്ഷ നീളും; പ്രതിഷേധവുമായി അമ്മ ആശാദേവി

ദില്ലി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വീണ്ടും വൈകും.വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍ഭയയുടെ അമ്മ ആശാദേവി. തങ്ങള്‍ക്കും കുടുംബത്തിനും നീതി നിഷേധിക്കുകയാണെന്ന് ആരോപിച്ച് നിര്‍ഭയയുടെ കുടുംബം പട്യാല ഹൗസ് കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ആക്ടിവിസ്റ്റായ യോഗിത ഭയാനയും കോടതി വളപ്പില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

പ്രതികളെ തൂക്കിലേറ്റാൻ പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തീഹാർ ജയിൽ അധികൃതർ നൽകിയ ഹർജി പരിഗണിച്ച കോടതി പ്രതികളിലൊരാളായ പവൻ ഗുപ്തയ്ക്ക് അവസാന നിയമവഴികൾക്ക് വരെ അർഹതയുണ്ടെന്ന് നിരീക്ഷിച്ചു. പവൻ ഗുപ്തയ്ക്ക് അഭിഭാഷകനെ കണ്ടെത്താനുള്ള സമയം കോടതി അനുവദിച്ചു.മരണവാറണ്ട് പരിഗണിക്കുന്നതിനിടെ പവൻ ഗുപ്തയുടെ അഭിഭാഷകനായ എപി സിംഗ് പിന്മാറുകയായിരുന്നു. ഇതോടെ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചേ മതിയാകൂ എന്ന് നിരീക്ഷിച്ച കോടതി പവൻ ഗുപ്തയ്ക്ക് പുതിയ അഭിഭാഷകനെ ലഭിക്കുന്നതിനായി ഒരു മാസം കൂടി കാത്തിരിക്കാമെന്ന് അറിയിക്കുകയായിരുന്നു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പവന്റെ പിതാവിന് അഭിഭാഷകരുടെ പട്ടിക കൈമാറിയിട്ടുണ്ട്.

Loading...

കോടതി ഉത്തരവിന് പിന്നാലെ നിർഭയയുടെ അമ്മ പൊട്ടിക്കരയുകയായിരുന്നു. കോടതിക്ക് പുറത്തെത്തിയ മാതാപിതാക്കൾ കുറ്റവാളികളെ ഉടൻ തൂക്കിലേറ്റണം എന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റണമെന്നായിരുന്നു ആദ്യ ഉത്തരവ്. എന്നാൽ പ്രതികൾ ഓരോരുത്തരായി ഒന്നിന് പിറകെ ഒന്നായി ഹർജികളുമായി എത്തിയതോടെയാണ് വധശിക്ഷ നീണ്ടുപോയത്.

വധശിക്ഷയ്ക്കുള്ള മരണ വാറണ്ട് അനിശ്ചിത കാലത്തേക്ക് വിചാരണ കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ ആകില്ലെന്നും ഹൈക്കോടതി പറഞ്ഞു.തിഹാര്‍ ജയില്‍ ചട്ടപ്രകാരം ഒരു കേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താന്‍ സാധിക്കില്ല. ഏതെങ്കിലും പ്രതിയുടെ അപ്പീല്‍ നിലനില്‍ക്കുമ്പോഴാണ് മറ്റു പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ സാധിക്കാത്തത്. അതേസമയം, എല്ലാ നിയമപരമായ നടപടികളും ഒരാഴ്ച്ചക്കകം തീര്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഒരാഴ്ച കഴിഞ്ഞാല്‍ ശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ വിചാരണ കോടതി ആരംഭിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഫെബ്രുവരി ഒന്നിന് നിര്‍ഭയ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റാന്‍ തീരുമാനിക്കുകയും മരണ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ചില പ്രതികള്‍ രാഷ്ട്രപതിയെ ദയാഹര്‍ജിയുമായി സമീപിച്ചു. രാഷ്ട്രപതി തള്ളിയതിനെ തുടര്‍ന്ന് ഇത് ചോദ്യം ചെയ്ത് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. പ്രതികളില്‍ ഓരോരുത്തല്‍ വെവ്വേറെ ഹര്‍ജികള്‍ സമര്‍പ്പിച്ചതാണ് നടപടികള്‍ നീണ്ടുപോകാന്‍ കാരണം.

നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. 2012 ഡിസംബര്‍ 16നാണ് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ സംഭവം. 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ വച്ച് ആറ് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും റോഡിലേക്ക് എടുത്തെറിയുകയുമായിരുന്നു. ചികില്‍സക്കിടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരിച്ചു.