സാമ്പത്തികനില മെച്ചപ്പെടുന്നുണ്ട്, അടുത്ത ലക്ഷ്യം നികുതി പരിഷ്‌കരണം; ധനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം നേരിടാന്‍ കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നുണ്ടെന്ന് പറഞ്ഞ ധനമന്ത്രി സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഉത്തേജക നടപടികള്‍ പ്രഖ്യാപിച്ചു. നികുതി നല്‍കാനുള്ള നടപടികള്‍ സുതാര്യമാക്കും. ഓണ്‍ലൈന്‍ സംവിധാനം വിപുലവും ലളിതവുമാക്കും. ചെറിയ നികുതി പിഴവുകള്‍ക്ക് ശിക്ഷയില്ല.

മാത്രമല്ല നികുതിയുടെ പേരില്‍ പീഡനമുണ്ടാകില്ലെന്നും നികുതി നടപടികള്‍ ഈ ഫയലിംഗിലൂടെ മാത്രം മതിയെന്നും ധനമന്ത്രി പറഞ്ഞു. കയറ്റുമതിയും അഭ്യന്തര ഉത്പാദനവും കൂട്ടാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. നാണ്യപെരുപ്പം നിയന്ത്രിതമാണെന്നും രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ സാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.സമ്പദ് വ്യവസ്ഥ പുനരുജ്ജീവന പാതയിലാണെന്നും ഓഗസ്റ്റിലെ കരുതല്‍ ശേഖരത്തില്‍ വര്‍ധനയുണ്ടെന്നും നിക്ഷേപ നിരക്ക് കൂടുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

Loading...

നികുതി പരിഷ്‌കരണ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും ബാങ്കിംഗ് മേഖലയിലെ പരിഷ്‌കരണത്തിന് ശേഷമാണ് നികുതി പരിഷ്‌കരണത്തിലേക്ക് കടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ മാസം 19 ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി ചര്‍ച്ച നടത്തുമെന്നും ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വായ്പ ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

വ്യവസായ ഉത്പാദനം മെച്ചപ്പെട്ട നിലയിലാണ്.. ധനസ്ഥിതിയും മെച്ചപ്പെട്ടു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വ്യവസായ ഉദ്പാദനം മെച്ചപ്പെടുന്നതിന്റെ സൂചനയാണ് കാണിക്കുന്നതെന്നും നിര്‍മ്മലാ സീതാരാമന്‍. നേരിട്ട് വന്ന് നികുതിദായകരെ ബുദ്ധിമുട്ടിക്കുന്ന രീതി ഇനി ഉണ്ടാകില്ല. നികുതിവകുപ്പിന്‍റെ ഇടപെടലുകള്‍ ഇനി ഇലക്‌ട്രോണിക് രീതിയില്‍ ആയിരിക്കും. ബാങ്കുകളുടെ വായ്പാനിരക്കില്‍ ഉണര്‍വുണ്ടായെന്നും മന്ത്രി പറഞ്ഞു.

കയറ്റുമതിക്കായി ആര്‍ബിഐ 68,000 കോടി രൂപ അനുവദിക്കും.സ്വതന്ത്ര വ്യാപാര നയമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.