നിസർഗ ചുഴലിക്കാറ്റ് ഉടൻ തീവ്ര ചുഴലിയായി മാറും: മഹാരാഷ്ട്ര ഗുജറാത്ത് തീരങ്ങളിൽ ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട നിസർഗ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരത്തോടെ മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും ദാമനും ഇടയിൽ നിസർഗ കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ കണക്ക് കൂട്ടൽ. തീരം തൊടുന്നതിന് മുമ്പ് നിസർഗ ശക്തിയാർജ്ജിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറും. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചില നേരങ്ങളിൽ 120 കിലോമീറ്റർ വരെ വേഗതയിലുമായിരിക്കും നിസർഗ വീശിയടിക്കുക.

ഇന്ന് വൈകീട്ടോടെ മഹാരാഷ്ട്രയുടെ റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെയാണ് ചുഴലി കരയിലേക്ക് വീശുക. 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വടക്കൻ മഹാരാഷ്ട്ര തീരവും ഇതോട് ചേർന്ന് കിടക്കുന്ന ഗുജറാത്തിന്‍റെ തെക്കൻ തീരവും അതീവ ജാഗ്രതയിലാണ്. കടൽ ഒരു കിലോമീറ്റ‌ർ വരെ കരയിലേക്ക് കയറാമെന്നും മുന്നറിയിപ്പുണ്ട്. മഹാരാഷ്ട്ര ഗുജറാത്ത് തീരങ്ങളിൽ ജാഗ്രത മുന്നറിയിപ്പ് നൽകി. ഗോവ, പാഞ്ചിമിൽ നിന്ന് 290 കിലോമീറ്ററും, മഹാരാഷ്ട്ര മുംബൈയിൽ നിന്ന് 310 കിലോമീറ്ററും, ഗുജറാത്തിലെ സൂറത്തിൽ നിന്നും 530 കിലോമീറ്ററും അകലെയാണ് നിലവിൽ നിസർഗയുടെ സ്ഥാനം. മുംബൈ,താനെ,പാൽഖർ, റായ്ഗഡ് ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. മുംബൈയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു. മുംബൈയിൽ നിന്നുള്ള 17 വിമാനസർവീസുകൾ ഇൻഡിഗോ റദ്ദാക്കി.

Loading...

അതേ സമയം കാലവർഷം ശക്തിയാർജിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കുള്ള സാധ്യതയുണ്ട്. മധ്യകേരളത്തിലും, വടക്കൻ കേരളത്തിലും മഴ കനത്തേക്കും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യല്ലോ അലേർട്ട്. നാളെ ആറ് ജില്ലകളിൽ യല്ലോ അലേർട്ട് ഉണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും, മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത.