മോട്ടോര്‍ വാഹന നിയമ നിലപാടില്‍ അയവുവരുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമത്തില്‍ ഒടുവില്‍ നിലപാടില്‍ അയവുവരുത്തി കേന്ദ്രസര്‍ക്കാര്‍. വാഹനനിയമ ലംഘനത്തിനുള്ള പിഴത്തുക എത്രവേണമെന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. പിഴയല്ല ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനം എന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പിഴത്തുക കുറച്ച സാഹചര്യത്തിലാണ് കേന്ദ്രം നിലപാടില്‍ അയവ് വരുത്തിയത്.

അതേസമയം മോട്ടോര്‍ വാഹന നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് കേരളം കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയാരുന്നു. വന്‍ പിഴത്തുക ഈടാക്കുന്നത് നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച എട്ട് സംസ്ഥാനങ്ങളുടെ നടപടി നിയമപരമായി പരിശോധിച്ച ശേഷം സമാനമായ നിലപാടെടുക്കാന്‍ കഴിയുമോ എന്നതില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞത്.

Loading...

”വലിയ പിഴത്തുകയെന്നത് പ്രായോഗികമല്ല”, എന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഇന്നലെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 16 മുതല്‍ ഗുജറാത്തില്‍ പുതിയ പിഴസംവിധാനം നിലവില്‍ വരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേന്ദ്രനിയമത്തില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി തന്നെ നിലപാട് വ്യക്തമാക്കുന്നത്.

മോട്ടോര്‍ വാഹനഭേദഗതി കോണ്‍കറന്റ് ലിസ്റ്റിലാണുള്ളതെന്നും, സംസ്ഥാനങ്ങള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാരിനും നിയമത്തിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനാകുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

”പിഴത്തുക ഈടാക്കുന്നതിലൂടെ വരുമാനം കൂട്ടുകയല്ല സര്‍ക്കാരിന്റെ ലക്ഷ്യം. സുരക്ഷയുള്ള റോഡുകളുണ്ടാവുക, അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പിഴയാണോ ജീവനേക്കാള്‍ പ്രധാനം? നിങ്ങള്‍ നിയമം ലംഘിച്ചില്ലെങ്കില്‍ പിഴയീടാക്കേണ്ടി വരില്ലല്ലോ?”, ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവേ നിതിന്‍ ഗഡ്കരി വ്യക്തമാക്കി.