കഴക്കൂട്ടം ഹൈവേ; 29 ന് നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും

തിരുവന്തപുരം:  29 ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും ക്ഷണമുണ്ട്. രണ്ടുവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുമെന്നു പറഞ്ഞ് 2018 ഡിസംബറില്‍ തുടങ്ങിയതാണ് കഴക്കൂട്ടത്തെ ആകാശപ്പാതയുടെ നിര്‍മാണം. നാല് വർഷമെടുത്താണ് ഇപ്പോൾ നിർമ്മാണം പൂർത്തിയായത്.

ഈ മാസം 15ന് പാത ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ദേശീയപാത അധികൃതര്‍ പറഞ്ഞതനുസരിച്ച് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. കഴക്കൂട്ടത്ത് ജനങ്ങള്‍ ഗതാഗതക്കുരുക്കില്‍ വലയുന്നതിനിടയിലും അന്നും പാത തുറന്നില്ല. പാത തുറക്കാന്‍ നേരത്തെ സജ്ജമായിരുന്നെന്നാണ് കരാറുകാരും പറയുന്നത്. മാത്രമല്ല, ആകാശപ്പാത തുറന്നാലേ സര്‍വീസ് റോഡ് പൂര്‍ത്തിയാക്കാനാവൂ. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ തീയതി ലഭിക്കാന്‍ കാത്തിരിക്കുകയായിരുന്നു ദേശീയപാത അതോറിറ്റി.

Loading...

കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിങ്ങിനും വി.മുരളീധരനും പുറമെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുക്കും. ചടങ്ങില്‍ അധ്യക്ഷനായി നിശ്ചയിച്ചിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്കൊപ്പം വേദി പങ്കിടാനെത്തുമോ എന്നാണ് അറിയേണ്ടത്. 45515 കോടിയുടെ 15 പദ്ധതികളുടെ കല്ലിടലും ഉദ്ഘാടനവുമാണ് 29ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

കുതിരാന്‍ തുരങ്കപാത ഉള്‍പ്പെടുന്ന വടക്കാഞ്ചേരി–മണ്ണൂത്തി ആറുവരി പാതയും കഴക്കൂട്ടം എലിവേറ്റഡ് പാതയുമാണ് ഇതില്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍. ഒപ്പം ദേശീയപാത അതോറിറ്റിയുടെ 13 പദ്ധതികളുടെ തറക്കല്ലിടലും നടക്കും.