തന്നെ ആര്‍ക്കും തൊടാനാകില്ലെന്ന് ആള്‍ദൈവം നിത്യാനന്ദ

ആള്‍ദൈവം നിത്യാനന്ദയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തന്നെ ഒരാള്‍ക്കും തൊടാന്‍ പോലുമാകില്ലെന്ന
വെല്ലുവിളിയാണ് ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുന്ന വീഡിയോയിലൂടെ ആള്‍ദൈവം പറയുന്നത്. നവംബര്‍ 22ന് നിത്യാനന്ദ ഇന്ത്യവിട്ടുവെന്ന ഗുജറാത്ത് പൊലീസിന്‍റെ സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് വീഡിയോ വൈറലായത്.

നിങ്ങളോടു സത്യം പറയാന്‍ എനിക്കു സാധിക്കും. ഞാന്‍ പരമ ശിവനാണ്. സത്യം പറയുന്നതിന് ഒരു കോടതിക്കും എനിക്കെതിരെ നടപടിയെടുക്കാനാക്കില്ല- വിഡിയോയില്‍ നിത്യാനന്ദ പറയുന്നു.

Loading...

തന്റെ സ്ഥിരം വേഷവും തലപ്പാവും ധരിച്ചാണ് ഈ വീഡിയോയില്‍ നിത്യാനന്ദ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ ഇന്ത്യയില്‍നിന്നാണോ പുറം രാജ്യത്ത് നിന്നാണോ എടുത്തത് എന്ന് വ്യക്തമല്ല. “എന്നിലുള്ള വിശ്വാസവും സത്യനിഷ്ഠയും പാലിക്കുന്ന നിങ്ങള്‍ക്ക് ഒരിക്കലും മരണം പോലും ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു” – എന്നും നിത്യാനന്ദ പറയുന്നു.

അതേസമയം നിത്യാനന്ദയുടെ പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കി. പുതിയ പാസ്പോര്‍ട്ടിനായി നിത്യാനന്ദ നല്‍കിയ അപേക്ഷ തള്ളിയതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം മുതല്‍ കാണാതായ നിത്യാനന്ദയെ പിടികൂടാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചു.

നിത്യാനന്ദ സ്വന്തമായി രാജ്യം സ്ഥാപിച്ചെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഒരു വെബ്സൈറ്റ് ഉണ്ടാക്കുന്നതും രാജ്യം ഉണ്ടാക്കുന്നതും വ്യത്യസ്തമാണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഞങ്ങള്‍ നിത്യാനന്ദയുടെ പാസ്പോര്‍ട്ട് റദ്ദാക്കി. പൊലീസില്‍നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ പുതിയ പാസ്പോര്‍ട്ടിനുള്ള അപേക്ഷയുമായും മുന്നോട്ടുപോകാന്‍ സാധിക്കില്ല. നിത്യാനന്ദയെക്കുറിച്ച്‌ എന്തെങ്കിലും വിവരമുണ്ടെങ്കില്‍ അറിയിക്കാന്‍ വിദേശരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കി. അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും രവീഷ് കുമാര്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം 41 വയസുള്ള നിത്യാനന്ദ സ്വന്തമായി ഹിന്ദുരാഷ്ട്രം കൈലാസ എന്ന പേരില്‍ ആരംഭിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോയും വൈറലായത്.