രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ഭാരത് യാത്രയുമായി നിതീഷ് കുമാര്‍

Nithishkumar
Nithishkumar

പട്‌ന. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഭാരത യാത്രയ്‌ക്കൊരുങ്ങുന്നതായി വിവരം. പ്രതിപക്ഷ കക്ഷികളുടെ ഐക്യം ലക്ഷ്യമിട്ടാണ് നിതീഷിന്റെ യാത്ര. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ദേശീയ രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റുന്നതിനുള്ള കരുക്കള്‍ നീക്കുകയാണ് യാത്രകൊണ്ട് നിതീഷ് ലക്ഷ്യമിടുന്നത്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്ന ശേഷം പ്രതിപക്ഷ കക്ഷി നേതാക്കളുമായി നിതീഷ് കൂടിക്കാഴ്ച നടത്തും.

ഇതിനു ശേഷമാകും ഭാരത് യാത്രയുടെ പ്രഖ്യാപനം നടക്കുക. ബിഹാറിലെ മഹാസഖ്യ മാതൃക ദേശീയ തലത്തിലേക്കു വികസിപ്പിക്കാനും നിതീഷ് ലക്ഷ്യമിടുന്നു. പ്രതിപക്ഷ ഐക്യത്തിനൊപ്പം സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനവും നിതീഷിന്റെ അജന്‍ഡയിലുണ്ട്. പ്രതിപക്ഷ കക്ഷികള്‍ ഭിന്നിച്ചു നിന്നാല്‍ ബിജെപിയെ നേരിടാനാകില്ലെന്ന വാദമാണ് നിതീഷിനുള്ളത്.

Loading...

പ്രാദേശിക പാര്‍ട്ടികള്‍ക്കു ശക്തിയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് കുറച്ചു സീറ്റുകളില്‍ മാത്രം മത്സരിച്ചു വിട്ടുവീഴ്ച ചെയ്യണമെന്ന നിര്‍ദേശവും നിതീഷ് കുമാര്‍ മുന്നോട്ട് വയ്ക്കുന്നു.