യുവാക്കളുടെ ഇഷ്ടതാരമായി നിവിന്‍പോളി

ഗോഡ്ഫാദര്‍മാരില്ലാതെ സിനിമയിലെത്തിയ താരമാണ് നിവിന്‍പോളി. സിനിമയുമായുള്ള ഏകബന്ധം സുഹൃത്തായ വിനീത് ശ്രീനിവാസന്‍ ആണ്. വിനീത് ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബില്‍ അഭിനയിക്കുമ്പോള്‍ മലയാളികളെല്ലാം ഇഷ്ടപ്പെടുന്നൊരു താരമായി വളരുമെന്ന് നിവിന്‍പോളി പോലും വിശ്വസിച്ചിരിക്കില്ല.

ഒരു ആവറേജ് ചിത്രമായിരുന്നു മലര്‍വാടി ക്ലബ്. എന്നാല്‍ പിന്നീട് വിനീത് സംവിധാനംചെയ്ത തട്ടത്തിന്‍മറയത്ത് നിവിന്‍പോളിയെ താരമാക്കി. എല്ലാ യുവാക്കളും ഇഷ്ടപ്പെടുന്നൊരു താരം. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്‍മാന്‍ എന്നിവരാണ് നിവിന്‍പോളിയുടെ സമപ്രായക്കാരായ താരങ്ങള്‍. അഥവാ നിവിന്‍ പോളിയുമായി മല്‍സരിക്കുന്നവര്‍. അവരോടൊന്നും തോന്നാത്തൊരിഷ്ടം സിനിമയ്ക്കു പുറത്തുനിന്നു വന്നൊരു താരമായതുകൊണ്ടാണ്. മറ്റുമൂന്നുപേരും പിതാക്കന്‍മാരുടെ മേല്‍വിലാസത്തില്‍ സിനിമയില്‍ വന്നവരാണ്.

Loading...

എന്നാല്‍ നിവിന്‍പോളിക്ക് അത്തരമൊരു വേല്‍വിലാസമില്ലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് നിവിന്‍പോളി ശരിക്കുമൊരു താരമായത്. മൂന്നു ഹിറ്റ് ചിത്രങ്ങള്‍. 1983, , ഓംശാന്തി ഓശാന, ബാംഗഌര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങള്‍. ഇതിനു മുന്‍പ് നേരം എന്നൊരു ഇന്‍സ്റ്റന്റ് ഹിറ്റും നിവിന്‍പോളിക്കു ഗുണം ചെയ്തിരുന്നു.

കഴിഞ്ഞ വര്ഷം മൂന്നു ചിത്രങ്ങള്‍ ഹിറ്റായതോടെ എല്ലാ യുവാക്കളുടെയും ഇഷ്ടതാരമായി നിവിന്‍ എന്ന എന്‍ജിനീയര്‍. അതില്‍ 1983ലെ തനി നാട്ടിപുറത്തുകാരനെയായിരുന്നു എല്ലാവര്‍ക്കും കൂടുതല്‍ ഇഷ്ടമായത്. നിവിന്‍പോളിയുടെ സിനിമ റിലീസ് ചെയ്യുന്നത് കാത്തിരിക്കുക യുവാക്കളുടെ ഇഷ്ടവിനോദമായി.

ഓംശാന്തി ഓശാനയൊക്കെ അങ്ങനെ കാത്തിരുന്നൊരു ചിത്രമായിരുന്നു. ഈവര്‍ഷം മിലിയായിരുന്നു നിവിന്‍പോളിയുടെ ആദ്യചിത്രം. നിവിന്‍ നായകനായിരുന്നെങ്കിലും ചിത്രം നായികാപ്രാധാന്യമുളഌതായിരുന്നു. അമലപോള്‍ ആയിരുന്നു നായിക. ആവറേജ് വിജയമേ ചിത്രം നേടിയുള്ളൂ. എന്നാല്‍ അത് കൊടുങ്കാറ്റിനു മുന്‍പുള്ള സൂചന മാത്രമായിരുന്നു.

ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്‍ പോളിയുടെ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ ഓടി വരുമ്പോള്‍ തന്നെ യുവാക്കള്‍ ഒന്നടങ്കം കയ്യടിക്കുകയാണ്. ഈ യുവതാരത്തെ അവര്‍ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണത്. ഇനി വരാനുള്ളത് അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം ആണ്.

നേരം എന്ന ഹിറ്റിനു ശേഷം അല്‍ഫോണ്‍സ് ഒരുക്കുന്ന ചിത്രമാണിത്. സെല്‍ഫിക്കു ശേഷമുള്ള നിവിന്‍പോളിയുടെ പ്രേമം എന്താണെന്നറിയാന്‍ യുവാക്കള്‍ക്ക് ആഗ്രഹമുണ്ട്.

ആ ആഗ്രഹമാണ് നിവിന്‍ പോളിയെ കൂടുതല്‍ ഉയരത്തിലെത്തിക്കുന്നതും.