എൻ.എം തോമസ് അധ്യാപക സേവന രംഗത്തു നിന്നും വിടവാങ്ങി.

കാസർകോട്: മുന്നാട് എ.യു.പി സ്കൂൾ അധ്യാപകൻ തോമസ് ‘എൻ എം അധ്യാപക സേവന രംഗത്തു നിന്നും വിടവാങ്ങി.അധ്യാപകൻ, സംഘടനാ പ്രവർത്തകൻ, മാധ്യമ പ്രവർത്തകൻ, സാമൂഹ്യപ്രവർത്തകൻ തുടങ്ങി പ്രവർത്തിച്ച മേഖലകളിൽ എല്ലാം തനതായ വ്യക്തിത്വം സ്ഥാപിക്കുവാൻ തോമസ് മാസ്റ്റർക്ക് കഴിഞ്ഞിട്ടുണ്ട്.കോൺഗ്രസ്സ് അനുകൂല അധ്യാപക സംഘടനകളായ കെ.എ.പി.ടി.യൂണിയൻ,കെ.പി.എസ്.ടി.യു, കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ എന്നിമൂന്ന് സംഘടനകളുടെ യും നേതൃരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.കെ.എ പി.ടി.യൂണിയൻ കുറ്റിക്കോൽ ബ്രാഞ്ച് സെക്രട്ടറി, കാസർകോട് ഉപജില്ല പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കൗൺസിലർ, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു.കെ.പി.എസ്.ടി.യുവിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കൗൺസിലർ, ഖജാൻജി എന്നിനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കോൺഗ്രസ്സ് അനുകൂല അധ്യാപക സംഘടനകൾ ലയിച്ചപ്പോൾ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ സംഘടനയുടെ സംസ്ഥാന എക്സി.അംഗമാണ്.സെറ്റോ കാസർകോട് താലൂക്ക് ചെയർമാൻ’ കൺവീനർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.കാസർകോട് ഉപജില്ലാ സ്കൂൾ സ്പോർട്സ് ആന്റ് ഗെയിംസ് അസോസിയേഷൻ ഭാരവാഹിയായും പ്രവർത്തിച്ചു.മികച്ച സംഘാടകനും അനൗൺസറുമായി നിരവധി വേദികളിൽ തന്റെ ശബ്ദ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Loading...

ഡി. പി. ഇ പി ജില്ലാ ഉപദേശക സമിതി അംഗം എന്ന നിലയിൽ പുതിയ പാഠ്യപദ്ധതി പരിഷ്കരണം വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കുന്നതിനെ ശക്തമായി എതിർത്തിട്ടുണ്ട്. വിമർശനാത്മക വിദ്യാഭ്യാസം അധ്യാപക മേഖലയെ തകർക്കും എന്ന് മുന്നറിയിപ്പ് നൽകാനും അതിനെതിരായി മുന്നണിയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്തു.കെ.എസ്.യു മടപ്പള്ളി ഗവ. കോളേജ് സെക്രട്ടറി, യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം സെക്രട്ടറി,പേരാവൂർ നിയോജക മണ്ഡലം സെക്രട്ടറി എന്നീ തലങ്ങളിലും പ്രവർത്തിച്ചു. ചുങ്കക്കുന്ന് റബ്ബർ കർഷക സംഘം വൈസ് പ്രസിഡന്റായിരുന്നു.

മാതൃഭൂമിയുടെ ബന്തടുക്ക പ്രാദേശിക ലേഖകനായി പതിമൂന്ന് വർഷക്കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.കറ്റിക്കോൽ പ്രസ് ഫോറം പ്രസിഡന്റായിരുന്നു. സീഡ് കോ-ഓഡിനേറ്റർ, ഗൃഹലക്ഷ്മി കോ-ഓഡിനേറ്റർ എന്നീ ചുമതലകളും നിറവേറ്റി.ബാലജനസഖ്യത്തിന്റെ പറമ്പ് രക്ഷാധികാരിയായിരുന്നു.മാതൃഭൂമി ലേഖകൻ എന്ന നിലയിൽ മലയോരത്തിന്റെ വിവി ധ പ്രശ്നങ്ങൾ ജനശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ട്.രാമൻകുണ്ട് ശുദ്ധജല വിതരണ പദ്ധതി, ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ, കാർഷിക പ്രശ്നങ്ങൾ, വന്യമൃഗശല്യം, സുള്ള്യ – ബന്തടുക്ക റോഡ് വികസനം, റവന്യൂ ഭൂമി കയ്യേറ്റം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്.ചുങ്കക്കുന്ന് ഫൊറോന പള്ളി കൈക്കാരൻ, മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, പൊയിനാച്ചി സെന്റ് മേരീസ് പള്ളി കൈക്കാരൻ എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പറമ്പ്- രാമൻ കുണ്ട് ശുദ്ധജല വിതരണ പദ്ധതിയുടെ പ്രസിഡന്റായിരുന്നു തോമസ് മാസ്റ്റർ.നിലവിൽ പൊയിനാച്ചി പറമ്പ് കൈരളി റസിഡൻഷ്യൽ അസോസിയേഷന്റെ പ്രസിഡന്റാണ്.കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ തോമസ് മാസറ്റർ ജോലി ആവശ്യാർഥമാണ് കാസർകോട് എത്തിയത്. വന്ന കാലം മുതൽ പൊയിനാച്ചി കേന്ദ്രമാക്കിയാണ് താമസം.തോമസ് മാഷിന്റെ ഭാര്യ ഷീല ചാക്കോ കാസർകോട് മഡോണ എ.യു.പി സ്കൂൾ അധ്യാപികയാണ്. മകൾ ഡോ.അനീറ്റ ഉന്നത പഠനത്തിനായി ഓസ്‌ട്രേലിയയിലാണ്