മലയാളിയായ സ്മിതയുടെ മൃതദേഹം ഷാര്‍ജ മോര്‍ച്ചറിയിലില്ല: ഇന്ത്യന്‍ എംബസ്സി

അഷ്റഫ് കെ.

ദുബായി: 2005 മുതല്‍ കാണാതായ മലയാളി യുവതി സ്മിതയുടെ മൃതദേഹം ഷാര്‍ജ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വാര്‍ത്ത ദുബായിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് നിഷേധിച്ചു. സെപ്തംബര്‍ 3, 2005 മുതല്‍ സ്മിതയുടെ മൃതദേഹം ഷാര്‍ജയിലുള്ള മോര്‍ച്ചറിയില്‍ ഉണ്ടെന്നും പ്രഥമദൃഷ്ടിയില്‍ തിരിച്ചറിഞ്ഞിട്ടുള്ളതാണെന്നും ഏപ്രില്‍ 12-ന് ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ശരിയല്ലെന്ന് പറഞ്ഞ് കോണ്‍സുലേറ്റ് തള്ളിക്കളഞ്ഞത്. പത്തുവര്‍ഷമുമ്പാണ് യു.എ.ഇയില്‍ വച്ച് സ്മിതാ ജോര്‍ജ് (25) എന്ന മലയാളി യുവതിയെ കാണാതാവുന്നത്.

Loading...

സ്മിത സെപ്തംബര്‍ 1, 2005-ല്‍ ദുബായില്‍ എത്തിയതായും സെപ്തംബര്‍ 3 മുതല്‍ കാണാതാകുകയും ചെയ്തു. എന്നാല്‍ അതിന്റെ തൊട്ടടുത്ത ദിവസം ‘ഷാര്‍ജയിലെ ഒരു ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ തിരിച്ചറിയാത്ത ഒരു സ്ത്രീയുടെ മൃതദേഹം കണ്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നുതൊട്ട് ഇന്നുവരെ സ്മിതയെക്കുറിച്ച് ആര്‍ക്കും യാതൊരു വിവരവും ലഭിച്ചിട്ടില്ല. കുടുംബത്തിന്റെ അപേക്ഷകള്‍ ആരും ഇതുവരെയും ചെവിക്കൊണ്ടിട്ടുമില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു..

സ്മിതയുടെ പിതാവ് കേരള ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് കോടതി സ്മിതയുടെ ഫോട്ടോ യു.എ.ഇയിലുള്ള പത്രങ്ങളില്‍ പരസ്യപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസ്സിയോട് ആവശ്യപ്പെടുകയും ചെയ്തതാണ്. എന്നാല്‍ അത്തരത്തിലൊരു നടപടിയും ഇന്ത്യന്‍ എംബസ്സി എടുത്തതായി റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. കൂടാതെ മോര്‍ച്ചറിയില്‍ കണ്ടുവെന്ന് പറയുന്ന മൃതദേഹത്തിലെ ഡി.എന്‍.എയും കുടുംബാംഗങ്ങളുടേതുമായി താരതമ്യം ചെയ്യാനായി കുടുംബാംഗങ്ങളുടെ രക്തം നാട്ടില്‍ ചെന്ന് ഒരു അഭിഭാഷകന്‍ എടുത്തു. അതും മൃതദേഹവുമായി ഒത്തുനോക്കിയപ്പോള്‍ സ്മിതയുടേതാണെന്ന് തെളിഞ്ഞതായും, പോലീസ് അടിയിന്തിര നടപടികള്‍ എടുക്കണമെന്നും പറഞ്ഞിരുന്നു. അവിടെയും എംബസ്സിക്ക് വീഴ്ചപറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ തങ്ങള്‍ ഷാര്‍ജയിലുള്ള മോര്‍ച്ചറിയില്‍ അന്വേഷിച്ചെന്നും അങ്ങനെ ഒരു മൃതദേഹം സൂക്ഷിച്ചിട്ടില്ലെന്നും കൂടാതെ ഒരു കാരണവശാലും ഇത്രകാലം ഒരു മൃതശരീരവും അവിടെ സൂക്ഷിക്കാറില്ലെന്നുമാണ് അറിയാന്‍ കഴിഞ്ഞതെന്നാണ് ഇന്ത്യന്‍ എംബസ്സിയുടെ വാദം.

Smitha-with-husband-Antony

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനടുത്ത് അലശക്കോട്ട് ജോര്‍ജിന്റെ മകളാണ് സ്മിത (25) ഭര്‍ത്താവ് പള്ളുരുത്തി തോപ്പുംപടി ചിറയ്ക്കല്‍ വലിയപറമ്പില്‍ സാബു എന്ന ആന്റണി (44).

2005 സപ്തംബര്‍ ഒന്നിനായിരുന്നു സാബു ആന്റണി സ്മിതയുമായി ദുബായിയിലെത്തിയത്. മൂന്നാം തീയതിയാണ് താമസസ്ഥലത്തു നിന്ന് സ്മിതയെ കാണാതായത്. അതിന് മൂന്നുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ദുബായിയില്‍ ജോലിക്കാരനായിരുന്ന ആന്റണി 16 ദിവസമാണ് നാട്ടില്‍ സ്മിതയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. എസ്എസ്എല്‍സി വിദ്യാഭ്യാസം മാത്രമേ ഇയാള്‍ക്കുള്ളൂ. സ്മിത എം.സി.എ. ബിരുദധാരിണിയാണ്. വിസിറ്റിംഗ് വിസയിലാണ് സ്മിതയെ ദുബായിയില്‍ കൊണ്ടുവന്നത്. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞായിരുന്നു ഇത്. ആന്റണിയുടെ നിര്‍ദേശപ്രകാരം വിവാഹ സമ്മാനമായി കിട്ടിയ 38 പവന്റെ ആഭരണങ്ങളുമണിഞ്ഞാണ് സ്മിത ദുബായിയിലെത്തിയത്. മൂന്നാം തീയതി വൈകീട്ട് ആന്റണി സ്മിതയുടെ അമ്മാവനെ ഫോണില്‍ വിളിച്ച് സ്മിതയെ വീട്ടില്‍ കാണുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. വൈറ്റില സ്വദേശിയായ കാമുകന്‍ ഡോക്ടറോടൊപ്പം പോകുന്നതായി കാണിക്കുന്ന ഒരു കത്ത് സ്മിത എഴുതിവെച്ചിരുന്നതായും അറിയിച്ചു.

ഈ കത്തിന്റെ പകര്‍പ്പുകള്‍ നാട്ടില്‍ ബന്ധുക്കള്‍ക്ക് ഇയാള്‍ അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് സംഭവത്തില്‍ ദുരൂഹതയുള്ളതായി കാണിച്ച് സ്മിതയുടെ മാതാപിതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ പരാതി കൊടുക്കുകയുമുണ്ടായി. അതിനിടെ ദുബായിയിലുണ്ടായിരുന്ന സ്മിതയുടെ ഒരു ബന്ധു മാക്‌സണ്‍ സംഭവത്തെക്കുറിച്ചന്വേഷിക്കാനായി ആന്റണിയുടെ താമസ സ്ഥലത്തെത്തിയപ്പോള്‍ കണ്ണൂര്‍ സ്വദേശിനി മിനി എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയെ അവിടെ ദുരൂഹ സാഹചര്യത്തില്‍ കാണാനിടയായി. അതേക്കുറിച്ച് ചോദിച്ച് മാക്‌സണും ആന്റണിയുമായി വാക്കുതര്‍ക്കവും നടന്നു. ഇതിനു ശേഷം മാക്‌സണ്‍ തന്നെ മര്‍ദിച്ചു എന്നാരോപിച്ച് ആന്റണി ദുബായ് പോലീസില്‍ പരാതിപ്പെടുകയും മാക്‌സണെ പോലീസ് അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തോളം ജയിലിലടയ്ക്കുകയും ചെയ്തു. ജയിലില്‍ നിന്നിറങ്ങിയ മാക്‌സണിന്റെ പരാതിപ്രകാരം അവിഹിത ബന്ധം ആരോപിച്ച് ആന്റണിയേയും കൂടെയുണ്ടായിരുന്ന യുവതിയേയും പോലീസ് അറസ്റ്റ് ചെയ്ത് മൂന്നുമാസത്തോളം ജയിലിലാക്കിയ സംഭവവും ഉണ്ടായി.

Sabu Antonyപിന്നീട് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ആന്റണി മലയാളി സംഘടനകളെയും മാധ്യമങ്ങളെയും സമീപിച്ച് ഭാര്യ ഒളിച്ചോടിപ്പോയതിന്റെ പേരില്‍ നിരപരാധിയായ തന്നെ പീഡിപ്പിക്കുന്നുവെന്ന മട്ടില്‍ വാര്‍ത്തകളും സൃഷ്ടിച്ചു. തന്റെ ഭാര്യയെ കണ്ടുപിടിച്ചുതരണമെന്നാവശ്യപ്പെട്ട് ആന്റണി ദുബായ് പോലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും മറ്റും പരാതിപ്പെടുകയുമുണ്ടായി. അന്വേഷണം മുറുകുന്നതിനിടയില്‍ ആന്റണി അമേരിക്കയിലേക്ക് കടന്നു. അവിടെ നല്ല ശമ്പളത്തില്‍ റിഫൈനറിയില്‍ ജോലിനോക്കി വരികയാണ് ഇയാള്‍. അതിനിടെ ഭാര്യയുടെ അവിഹിത ബന്ധം ആരോപിച്ച് കേരളത്തില്‍ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയ ആന്റണി എതിര്‍ കക്ഷിയുടെ അസാന്നിധ്യത്തില്‍ ഏകപക്ഷീയമായി വിവാഹമോചനം നേടി. തുടര്‍ന്ന് ആലുവ സ്വദേശിനിയായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു.

ആന്റണി നാട്ടില്‍ വരുന്നുണ്ടെന്നറിഞ്ഞ സ്മിതയുടെ ബന്ധുക്കള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആന്റണിയെ പിടികൂടി പള്ളുരുത്തി പോലീസിലേല്പിക്കുകയും സ്മിതയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ആന്റണിയെ അന്ന് അറസ്റ്റ് ചെയ്തില്ല. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് സ്മിതയുടെ പിതാവ് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. തുടര്‍ന്ന് ഇയാളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. എന്നാല്‍ വ്യാജരേഖ ചമയ്ക്കല്‍, പ്രലോഭിപ്പിച്ച് അന്യായമായി വിദേശത്ത് തടങ്കലില്‍ വെയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ആന്റണിക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരുന്നത്. പലതവണ ആന്റണിയെ ചോദ്യം ചെയ്‌തെങ്കിലും താന്‍ നിരപരാധിയാണ് എന്ന ഉറച്ച നിലപാടാണ് ആന്റണി സ്വീകരിച്ചിരുന്നത്. അന്നുതൊട്ട് ആന്റണി ജയിലിലുമാണ്.

അതോടൊപ്പം സ്മിതയുടെ തിരോധാനവുമായി തന്റെ മകന് ബന്ധമില്ലെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നുമുള്ള ആവശ്യത്തിലാണ് ആന്റണിയുടെ പിതാവ്. ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് സിബിഐ അന്വേഷണം വേണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതെന്നും സാബു ആന്റണിയുടെ പിതാവ് യു.സി. ആന്റണി പറഞ്ഞിരുന്നു.

Indian Consulate

എന്നാല്‍ അന്നു കാണാതായ സ്മിതയെ ജീവനോടെയൊ അല്ലാതെയൊ കണ്ടെത്താന്‍ ഇതുവരെ പോലീസിനായിട്ടില്ല. അതാണ് ഷാര്‍ജയിലെ ഒരു മോര്‍ച്ചറിയില്‍ സുരക്ഷിതമായുണ്ടെന്നുള്ള റിപ്പോര്‍ട്ട് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം പ്രസിദ്ധീകരിച്ചതും ഇന്ത്യന്‍ എംബസ്സി നിരസിച്ചതും. ഇപ്പോഴും സ്മിതയെവിടെയെന്ന ചോദ്യം ബാക്കി