അന്വേഷണങ്ങളെ സധൈര്യം നേരിടും; എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെടില്ല: കെ.എം മാണി

ന്യൂഡൽഹി: ബാർ കോഴക്കേസിൽ ഏത് അന്വേഷണത്തെയും നേരിടാന്‍ താന്‍ തയ്യാറാണെന്നും തനിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കാൻ ആവശ്യപ്പെടാൻ മാത്രം ഭീരുവല്ല താനെന്നും ധനമന്ത്രി കെ.എം.മാണി പറഞ്ഞു. കേസ് വിജിലൻസ് അന്വേഷിക്കുന്നതിനെ താൻ തടസപ്പെടുത്തില്ല. എത്ര വേണമെങ്കിലും അന്വഷിച്ചോട്ടേയെന്നും മാണി ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ വ്യക്തമാക്കി. കൂടാതെ പി.സി ജോര്‍ജിനു ഒരു പണിയുമില്ലെങ്കില്‍ എന്റെ വീട്ടില്‍ ഇരിക്കുന്ന നോട്ടെണ്ണല്‍ യെന്ത്രം കറക്കാന്‍ പോന്നോളൂ അതിനയാള്‍ കഴിവുറ്റവനാണെന്നും മാണി പറഞ്ഞു.

അഞ്ചു മാസമായി അന്വേഷിക്കുന്നു. 130 പേരുടെ മൊഴിയെടുത്തു. എന്നിട്ട് വല്ലതും ലഭിച്ചോ. അമ്മി കൊത്താനുണ്ടോ അമ്മി എന്ന് ഇനിയും ചോദിച്ച് നടക്കുകയാണെന്നും മാണി പറഞ്ഞു. എ.കെ.ജി സെന്ററിൽ ഇരിക്കുന്ന ആരെങ്കിലും പറയുന്നത് കേട്ട് മന്ത്രിസ്ഥാനം ഉപേക്ഷിച്ചു പോവാൻ കഴിയില്ല. ജനങ്ങളാണ് തന്നെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കറ പറ്റിയിട്ടില്ലെങ്കിൽ ആരെ വേണമെങ്കിലും നമുക്ക് എതിരിടാം. സ്വത്തുക്കൾ സംബന്ധിച്ചുള്ള ഏത് അന്വേഷണവും നേരിടാൻ തയ്യാർ. മന്ത്രി ആവുമ്പോള്‍ മുഖ്യമന്ത്രിക്ക് സ്വത്ത് വിവരം സംബന്ധിച്ച് വിവരം നൽകാറുണ്ടെന്നും മാണി പറഞ്ഞു.

Loading...

എന്റെ വീട്ടിലെ നോട്ടെണ്ണുന്ന യന്ത്രം കറക്കാൻ ജോർജിനെ വിളിക്കാറുണ്ട്. ഇത്തരത്തിലുള്ള യന്ത്രം കറക്കുന്നതിന് ജോർജിന് നല്ല മിടുക്കാണ്. വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന് പറയുന്ന പി.സി.ജോർജിനുള്ള പരിഹാസത്തോടെയുള്ള മറുപടി ആയിരുന്നത്.

തനിക്കോ ബന്ധുക്കള്‍ക്കോ ഒരു പെട്ടിക്കട പോലും ശ്രീലങ്കയിലില്ല: ജോസ്‌ കെ. മാണി

കോട്ടയം: തനിക്കോ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയ്ക്കോ വിദേശത്ത്‌ സ്വത്തില്ലെന്നും തെളിവു കൊണ്ടുവന്നാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ജോസ്‌.കെ.മാണി എംപി. ശ്രീലങ്കയില്‍ റിസോര്‍ട്ട്‌ ഉണ്ടെന്നാണ്‌ ജോര്‍ജ്‌ ആരോപിച്ചത്‌. ഏത്‌ റിസോര്‍ട്ട്‌, എവിടെയെന്നൊക്കെ പറയണം. തനിക്കോ ബന്ധുക്കള്‍ക്കോ ഒരു പെട്ടിക്കട പോലും ശ്രീലങ്കയിലില്ല. ജോര്‍ജിന്റെ ശ്രമം വ്യക്‌തിഹത്യ നടത്തി മാധ്യമ ശ്രദ്ധ നേടാനാണ്‌. ആരോപണങ്ങള്‍ ഏത്‌ ഏജന്‍സിക്കും അന്വേഷിക്കാം. ഏത്‌ അന്വേഷണവും നേരിടാന്‍ തയാറാണ്‌.

പിണറായി വിജയനു വിദേശത്ത്‌ സ്വത്തുണ്ടെന്നും ഭാര്യയുടെ പേരില്‍ ബസിനസ്‌ ഉണ്ടെന്നും ആരോപിച്ചതാണ്‌ മുന്‍പ്‌ പി.സി.ജോര്‍ജ്‌. ഏ.കെ.ആന്റണിയെ കള്ളനെന്നും വിളിച്ചിട്ടുണ്ട്‌. വ്യക്‌തിഹത്യയാണ്‌ ജോര്‍ജിന്റെ ശൈലി. അത്‌ അംഗീകരിച്ചുകൊടുക്കില്ല. പാര്‍ട്ടിയില്‍ ജോര്‍ജിന്റെ വൈസ്‌ ചെയര്‍മാന്‍ സ്‌ഥാനം സാങ്കേതികം മാത്രമാണിപ്പോള്‍. ലക്ഷക്കണക്കിന്‌ വരുന്ന കേരള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ മനസില്‍ നിന്നും ജോര്‍ജ്‌ പുറത്തുപോയി. ഉന്നതാധികാര സമിതിയോഗം 17ന്‌ ചേരും. ജോര്‍ജിനെ ക്ഷണിക്കുമോ എന്ന ചോദ്യത്തിന്‌ ഉന്നതാധികാര സമിതിയില്‍ ആരൊക്കെയുണ്ടോ അവരെയൊക്കെ അറിയിക്കുമെന്നും ജോസ്‌ കെ. മാണി പറഞ്ഞു.