കോഴിക്കോട്: ജഡ്ജിമാര്‍ ലക്ഷ്മണരേഖ കടക്കരുതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജഡ്ജിമാര്‍ കോടതിയില്‍ രാഷ്ട്രീയ നേതാക്കളെപ്പോലെ പെരുമാറരുത്. വ്യക്തിപരമായ അഭിപ്രായങ്ങളല്ല, നിയമമാണ് ജഡ്ജിയെ നയിക്കേണ്ടത്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറഞ്ഞ് ബ്രേക്കിങ് ന്യൂസ് ഉണ്ടാക്കാന്‍ ജഡ്ജിമാര്‍ ശ്രമിച്ചാല്‍ മാധ്യമങ്ങള്‍ അത് അവഗണിക്കണം. ജഡ്ജിമാരുടെ കമന്റുകള്‍ കേസുമായി ബന്ധപ്പെട്ടാകണമെന്നും ജസ്റ്റിസ് കുര്യന്‍ പറഞ്ഞു.
വാദം കേള്‍ക്കുന്ന കേസുകളില്‍ ഒരുമാസത്തിനുള്ളില്‍ ജഡ്ജിമാര്‍ വിധി പറയണം. മൂന്നുമാസമായിട്ടും വിധി പറയാത്ത ജഡ്ജിമാരുടെ പേരുകള്‍ പൊതുജനത്തിനുമുന്നില്‍ പ്രസിദ്ധപ്പെടുത്തണമെന്നും ജസ്റ്റിസ് പറഞ്ഞു. കേസിനായി മാത്രം കേസുകൊടുക്കുന്ന പ്രവണത ഇല്ലാതായാല്‍ നിലവിലുള്ള കേസുകളുടെ എണ്ണത്തില്‍ കുറഞ്ഞത് 10% എങ്കിലും കുറവുവരുമെന്നും അത് എല്ലാവരുടെയും പണവും സമയവും നഷ്ടപ്പെടുത്തന്നതു കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ മാധ്യമങ്ങള്‍ വിചാരണ നടത്തുന്നത് നിര്‍ത്തണം. മാധ്യമ വിചാരണ ജഡ്ജിമാര്‍ക്ക് വലിയ സമ്മര്‍ദമാണുണ്ടാക്കുന്നത്. ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളും കോടതിക്കു സമാന്തരമായി നടക്കുന്ന വിചാരണകളായി മാറുകയാണെന്നും ജസ്റ്റിസ് കുര്യന്‍ പറഞ്ഞു. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ‘അഭിഭാഷക വൃത്തിയും ജുഡീഷ്യറിയും നേരിടുന്ന വെല്ലുവിളികള്‍ ‘എന്ന ദേശീയ സെമിനാറിന്റെ സമാപനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.