കന്യാസ്ത്രീ പീഡനം അട്ടിമറിക്കാൻ ഗൂഡാലോചന നടന്നത് പൂഞ്ഞാറിൽ, ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടും നടപടിയെടുക്കാതെ പൊലീസ്

കൊച്ചി: ആഗോള ക്രൈസ്തവ സമൂഹത്തെ ഞെട്ടിച്ച കന്യാസ്ത്രീ പീഡനക്കേസിലെ അന്വേഷണം അട്ടിമറിക്കാൻ കുതന്ത്രങ്ങൾക്ക് തുടക്കമിട്ടത് പൂഞ്ഞാറിൽ. ഇടത് – വലത് മുന്നണികളോട് അയിത്തം പ്രഖ്യാപിച്ച് ഒറ്റയാൾ പട്ടാളമായി മുന്നേറുന്ന പൂഞ്ഞാർ എംഎൽഎ പി.സി. ജോർജും സംഘവും കേസിൽ നിർണായ ഇടപെടൽ നടത്തിയതായി പൊലീസിനു വ്യക്തമായ വിവരം ലഭിച്ചു. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി കാലടി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് പി.സി. ജോർജ് എംഎൽഎയും സംഘവും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കാൻ നീക്കം നടത്തിയതിന്‍റെ വിവരങ്ങൾ ലഭിച്ചിരിക്കുന്നത്.
എന്നാൽ പി.സി. ജോർജിനെതിരെ തൽക്കാലം നിയമ നടപടികൾ വേണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന നിർദേശം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ വീട്ടിൽ നടന്ന സ്വകാര്യ ചടങ്ങിൽ ബിഷപ്പ് പങ്കെടുത്തിരുന്നു. അന്നത്തെ ഫോട്ടോകൾ സംഘടിപ്പിക്കാൻ കാലടിയിലെ സ്റ്റുഡിയോ ഉടമയെ പി.സി. ജോർജ് ഭീഷണിപ്പെടുത്തിയ സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സംഭവത്തെ കുറിച്ച് സ്റ്റുഡിയോ ഉടമ തന്നെ പൊലീസിനു മൊഴി നൽകുകയും ചെയ്തു. ഇരയായ കന്യാസ്ത്രീയുടെ സഹോദരി നൽകിയ പരാതിയെ തുടർന്ന് ചോദ്യം ചെയ്തപ്പോളായിരുന്നു പി.സി. ജോർജ് ഫോട്ടോകൾക്കായി ഭീഷണിപ്പെടുത്തിയ വിവരം സ്റ്റുഡിയോ ഉടമ വെളിപ്പെടുത്തിയത്. ‌

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും പി.സി. ജോർജുമായി ഇക്കാര്യത്തിൽ ഗൂഡാലോചന നടന്നിരുന്നതായി പൊലീസിനു വ്യക്തമായിട്ടുണ്ട്. പീഡന വാർത്ത പുറത്തു വന്നതിനു പിന്നാലെ തന്നെ പി.സി. ജോർജ് ബിഷപ്പ് ഫ്രാങ്കോയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഇത് കേരളത്തിൽ ഏറെ വിവാദങ്ങൾക്കും കാരണമായി. പിന്നീട് ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായ ശേഷം പി.സി. ജോർജ് പാലായിലെ സബ് ജയിലിലെത്തി ബിഷപ്പിനെ സന്ദർശിക്കുകയും ചെയ്തു. പരസ്യ സന്ദർശനമാണെന്നു പറഞ്ഞാണ് പി.സി. ജോർജ് ബിഷപ്പിനെ കാണാനെത്തിയത്.
പീഡനക്കേസ് ഒതുക്കി തീർക്കാൻ ബിഷപ്പ് ഫ്രാങ്കോയും സംഘവും പൂഞ്ഞാർ എംഎൽഎയുമായി ഉണ്ടാക്കിയ രഹസ്യ നീക്കങ്ങളുടെ ഭാഗമായിരുന്നു സംഭവങ്ങളെന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. കന്യാസ്ത്രീകളെയും പീഡനത്തിനിരയായ കന്യാസ്ത്രീയെയും മോശക്കാരായി ചിത്രീകരിക്കുന്ന ദൃ‌ശ്യങ്ങളും ചിത്രങ്ങളും വാർത്താസമ്മേളനത്തിലൂടെ പുറത്തു വിടാനായിരുന്നു തന്ത്രം. കോട്ടയത്ത് ഇതിനായി വാർത്താസമ്മേളനം നടത്താൻ പി.സി. ജോർജ് നീക്കം നടത്തിയിരുന്നു. കാലടി സ്റ്റുഡിയോ ഉടമയെ പത്ര സമ്മേളനത്തിൽ നേരിട്ട് ഹാജരാക്കാനായിരുന്നു നീക്കം. എന്നാൽ ഇയാൾ പിൻവാങ്ങിയതോടെ പദ്ധതി പാളി.

കന്യാസ്ത്രീകളെ മോശക്കാരാക്കി പൊതു സമൂഹത്തിനു മുന്നിൽ ചിത്രീകരിച്ചാൽ ഇവർക്കുള്ള പിന്തുണ കുറയുമെന്നതായിരുന്നു ഈ നീക്കത്തിനു പിന്നിൽ.മുമ്പ് പറഞ്ഞുറപ്പിച്ച കാര്യങ്ങൾ നടക്കാതെ വന്നപ്പോൾ  ബിഷപ്പ് ഫ്രാങ്കോയ്ക്ക് പി.സി. ജോർജിനോട് നീരസമുണ്ടെന്നും സൂചനയുണ്ട്. ഇക്കാരണത്താലാണത്രേ ജോർജ് ജയിലിലെത്തി ബിഷപ്പിനെ കണ്ടത്.

ഇതിനിടെ പി.സി ജോർജിനു മൂക്ക് കയറിട്ടാൻ പോയിട്ട് മണികെട്ടാൻ പോലും പോലീസിനു കഴിയുന്നില്ല. കഴിഞ്ഞ ദിവസവും 6 കന്യാസ്ത്രീകൾക്കെതിരേ വേശ്യാ പ്രയോഗവുമായി എം.എൽ.എ വീണ്ടും വന്നിരുന്നു. മുമ്പ് മാപ്പ് പറഞ്ഞ് തടിതപ്പിയ പി.സി ജോർജ് വീണ്ടും കന്യാസ്ത്രീകൾക്കെതിരേ വീണ്ടും അനാശാസ്യം ഉന്നയിച്ചിരിക്കുന്നതും പോലീസ് തടയുന്നില്ല. ഇരയായ കന്യാസ്ത്രീക്ക് മറ്റൊരാളുമായുള്ള ലൈംഗീക ബന്ധം പറഞ്ഞും പി.സി ജോർജ് വന്നിട്ടും യാതൊരു നടപടിയും ഇല്ല. ഇപ്പോൾ പി.സി ജോർജിനേ തൊട്ടാൽ അദ്ദേഹം ഈ കേസ് തകർക്കും എന്നും കേസ് ദുർബലമാക്കുന്ന തെളിവുകൾ പുറത്തുവിടും എന്നും പോലീസ് ഭയക്കുന്നു. എന്തായാലും പോലീസ് ജോർജിനേ ശരിക്കും ഭയക്കുന്നുണ്ട് എന്നും തൊടാൻ പോലും പേടിയെന്നും വ്യക്തം.

Top