ട്രെയിനിലെ ക്ഷേത്രം താല്‍ക്കാലികമായിരുന്നു; ദൈവത്തിന് സീറ്റില്ലെന്നും വിവാദം വേണ്ടെന്നും റെയില്‍വെ

ന്യൂഡല്‍ഹി: വാരാണസി- ഇന്‍ഡോര്‍ മഹാകാല്‍ എക്‌സ്പ്രസിലെ ക്ഷേത്രത്തിന്റെ പേരിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ റെയില്‍വെക്കെതിരെ ആരോപണം ഉയര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഫ്‌ളാഗ് ഓഫ് ചെയ്ത ട്രെയിനാണ് വിവാദമായത്. ട്രെയിന്‍ വിവാദത്തില്‍പ്പെട്ടതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റെയില്‍വെ ട്രെയിനില്‍ ദൈവത്തിന് സീറ്റ് മാറ്റിവച്ചിട്ടില്ലെന്നും ക്ഷേത്രമില്ലെന്നുമാണ് ഐആര്‍സിടിസി വ്യക്തമാക്കിയത്.

ഇന്‍ഡോറിനു സമീപത്തെ ഒാംകാരേശ്വര്‍, ഉജ്ജയ്നിലെ മഹാകാലാശ്വേര്‍, വാരാണസിയിലെ കാശി വിശ്വനാഥ് എന്നീ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്നതാണു മഹാകാല്‍ എക്സ്പ്രസ്. ട്രെയിനിലെ ബി 5 കോച്ചിലെ 64–ാം നമ്പര്‍ സീറ്റില്‍ ശിവന്റെ ചിത്രങ്ങളും പൂമാലകളും കൊണ്ടു ചെറിയ ക്ഷേത്രമാക്കി മാറ്റിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി ദൈവത്തിന് സീറ്റ് റിസര്‍വ് ചെയ്തുവെന്നായിരുന്നു റിപ്പോർട്ട്.സീറ്റ് സ്ഥിരമായി ദൈവത്തിനു മാറ്റിവയ്ക്കാന്‍ ആലോചനയുണ്ടെന്ന് ചില റെയില്‍വേ ഉദ്യോഗസ്ഥരും സൂചന നൽകി.

Loading...

ഇതിനിടയില്‍ ഭരണഘടനയുടെ ആമുഖത്തിന്‍റെ ചിത്രം പ്രധാനമന്ത്രിക്കായി ട്വീറ്റ് ചെയ്ത് ഹൈദരാബാദ് എംപി അസദുദീന്‍ ഒവൈസി പ്രതികരിക്കുകയും ചെയ്തു. തീപിടിക്കുന്ന വസ്തുക്കളോ കര്‍പ്പൂരമോ ട്രെയിനില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ സുരക്ഷാപ്രശ്നങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.ഇതോടെയാണു വിശദീകരണവുമായി ഐആര്‍സിടിസി രംഗത്തുവന്നത്. ഫ്ലാഗ് ഓഫ് ചെയ്തപ്പോള്‍ റെയില്‍വേ ഉദ്യോഗസ്ഥരില്‍ ചിലര്‍ കംപാര്‍ട്ടുമെന്‍റിനകത്ത് താല്‍ക്കാലികമായി പ്രാര്‍ഥിച്ചതാണെന്ന് ഐആര്‍സിടിസി പറയുന്നു. ഈ മാസം 20 മുതലാണ് മഹാകാല്‍ എക്സ്പ്രസിന്‍റെ സര്‍വീസ് ആരംഭിക്കുന്നത്.തീപിടിക്കുന്ന വസ്തുക്കളോ കർപ്പൂരമോ ട്രെയിനുകളിൽ ഉപയോഗിക്കാൻ പാടില്ലെന്നാണു നിയമമെങ്കിലും പുതിയ ട്രെയിനിൽ തീപ്പെട്ടിയുമായി നിൽക്കുന്നതു ടിടിഇയാണ്. ട്രെയിനിനു തീപിടിച്ചാൽ ഉത്തരവാദിത്തം റെയിൽവേ ഏറ്റെടുക്കുമോയെന്നു വ്യക്തമല്ല. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കു പോലും കൺഫേം ടിക്കറ്റുകൾ ലഭിക്കാത്ത രാജ്യത്തെ റെയിൽവേ സംവിധാനത്തിൽ ഒരു സീറ്റ് പ്രാർത്ഥനയ്ക്കു മാറ്റി വയ്ക്കുന്നതിലെ ഒൗചിത്യമില്ലായ്മ സമൂഹമാധ്യമങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.