മുംബയ്: മുസ്ലിം ഇതര ഉദ്യോഗാർത്ഥികൾക്കു മാത്രം ജോലി വാഗ്ദാനം ചെയ്ത് ബഹുരാഷ്ട്ര ആഭരണ കയറ്റുമതി കമ്പനി. കഴിഞ്ഞ ദിവസം മാർക്കറ്റിംഗ് ജോലിക്ക് അപേക്ഷിച്ച് ഇ-മെയിൽ അയച്ച മുസ്ലിം ഉദ്യോഗാർത്ഥി സെഷാൻ അലി ഖാനാണ് പതിനഞ്ചു മിനിറ്റിനുള്ളിൽ പ്രമുഖ കമ്പനിയുടെ ഞെട്ടിക്കുന്ന മറുപടി. മുംബയ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹരികൃഷ്ണ എക്സ്പോർട്ട്സ് എന്ന കമ്പനിയുടേതാണ് ഇത്തരം വിവേചനപരമായ നടപടി. തങ്ങളുടെ കമ്പനി മുസ്ലിം ഇതര അപേക്ഷകരിൽ നിന്നു മാത്രമാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതെന്ന് ഖേദപൂർവ്വം അറിയിക്കുന്നതായാണ് കമ്പനിയുടെ മറുപടി. സെഷാന്റെ മറ്റു രണ്ട് സഹപാഠികളായ മുകുന്ദ് മണി, ഓംകാർ ബൻസോദ് എന്നിവരും ഇതേ ജോലിക്ക് അതേ ദിവസം അപേക്ഷിച്ചു. അടുത്ത ദിവസം തന്നെ കമ്പനി അവരെ ഇന്റർവ്യൂവിന് ക്ഷണിച്ചു. ഇത് തന്നെ ഞെട്ടിച്ചതായി സെഷാൻ വ്യക്തമാക്കി.

പേരിലെ ‘ഖാൻ’ കാരണം അവസരം നിഷേധിക്കപ്പെട്ട തനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മറ്റു രണ്ടു സുഹൃത്തുക്കളും ജോലി ബഹിഷ്ക്കരിച്ചതായും ഇദ്ദേഹം വ്യക്തമാക്കി. ഇ-മെയിലിന്റെ സ്ക്രീൻ ഷോട്ട് ട്വിറ്റർ, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിൽ പ്രസിദ്ധപ്പെടുത്തിയതോടെ കമ്പനിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സാമുദായിക വിവേചനത്തിനെതിരെ കേസെടുക്കണമെന്ന അഭിപ്രായവുമായി പല സാമൂഹ്യപ്രവർത്തകരും സമീപിച്ചിട്ടുണ്ട്.

Loading...

സംഭവം വിവാദമായതോടെ ഇ-മെയിൽ അയച്ച എച്ച്.ആർ ട്രെയിനിയെ പിരിച്ചുവിട്ട കമ്പനി ഇത് വെറുമൊരു പിശകാണെന്നും തങ്ങളുടെ നയമല്ലെന്നും വ്യക്തമാക്കി തടിയൂരി. എന്നാൽ കമ്പനിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സാമൂഹ്യപ്രവർത്തകർ അഭിപ്രായപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതായും അന്വേഷണത്തിന് ഉത്തരവിട്ടതായും ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ നസീം അഹ്മദ് വ്യക്തമാക്കി.