സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വാട്ട്‌സ്ആപ്പിന് പകരം ജിംസ്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി വാട്ട്‌സ്ആപ്പ്് വേണ്ട. വാട്ട്‌സ്ആപ്പിന് പകരം പുതിയ സംവിധാനം ഉണ്ടാക്കുന്നു. ഔദ്യോഗിക കാര്യങ്ങള്‍ അറിയിക്കാനും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആശയവിനിമയത്തിനും വാട്ട്‌സ്ആപ്പിന് പകരം വരുന്ന സംവിധാനമാണ് ജിംസ്(ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസേജിങ് സിസ്റ്റം). സാമൂഹിക മാധ്യമം വഴിയുള്ള ആശയവിനിമയത്തില്‍ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ ഇത് സഹായിക്കും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെയെല്ലാം ജിംസില്‍ ബന്ധിപ്പിക്കും.

ഭാവിയില്‍ വിവിധ സര്‍ക്കാര്‍സേവനങ്ങളെയും ജിംസുമായി സംയോജിപ്പിക്കാന്‍ സൗകര്യമൊരുക്കുമെന്ന് ഐ.ടി മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററി(എന്‍.ഐ.സി)നാണ് ജിംസ് വികസിപ്പിക്കാനുള്ള മേല്‍നോട്ടച്ചുമതല.എന്‍.ഐ.സി.യുടെ ഇ-മെയില്‍ ഐ.ഡി. വഴി ലോഗിന്‍ ചെയ്യാന്‍ പാകത്തില്‍ സജ്ജമാക്കിയ ജിംസിന്റെ പ്രാരംഭഘട്ടത്തിനു തുടക്കമായി. എന്‍.ഐ.സിയിലെ മൂവായിരം ജീവനക്കാരുടെ ആശയവിനിമയം ഇതിലൂടെയാണിപ്പോള്‍. ജിംസ് പ്രാവര്‍ത്തികമാക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍, ബി.എസ്.എഫ്. എന്നിവയുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

Loading...

വാട്‌സാപ്പിലുള്ള എല്ലാ ഫീച്ചറുകളും ജിംസിലുമുണ്ടാവും. വ്യക്തിഗതസംഭാഷണം, ഓഡിയോ-വീഡിയോ കോള്‍, ചിത്രങ്ങളും ഫയലുകളും കൈമാറാനുള്ള സൗകര്യം എന്നിവയുണ്ടാവും. ഔദ്യോഗിക ഗ്രൂപ്പുകള്‍ക്കു പുറമെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കു സൗഹൃദഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതിനു തടസ്സമില്ല.രഹസ്യസ്വഭാവത്തിലുള്ളതും അഡ്മിന്‍ ഓണ്‍ലി ഗ്രൂപ്പുകളുമൊക്കെ ജിംസില്‍ ഉണ്ടാക്കാം.ഫേസ് അണ്‍ലോക്ക് (മുഖം കണ്ടാല്‍മാത്രം മൊബൈല്‍ പൂട്ട് തുറക്കുന്ന രീതി) സൗകര്യത്തിനു പുറമെ, ‘സെല്‍ഫ് ഡിസപ്പിയറിങ് മെസേജ്’ (ഒരാള്‍ക്കയച്ച സന്ദേശം അയാള്‍ കണ്ടു കഴിഞ്ഞാല്‍ അപ്രത്യക്ഷമാവുന്ന രീതി) സംവിധാനവും ജിംസില്‍ ഏര്‍പ്പെടുത്താനാണ് നീക്കം.

ഇങ്ങനെ, സുരക്ഷിതമായ ആശയവിനിമയശൃംഖല സര്‍ക്കാരിനും ജീവനക്കാര്‍ക്കുമിടയില്‍ ഉറപ്പാക്കാനാണ് പുതിയ സംവിധാനമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സേവനങ്ങളും ആവശ്യമെങ്കില്‍ ഇതുമായി സംയോജിപ്പിക്കാം. ഹരിയാണയില്‍ 479 സേവനങ്ങള്‍ നല്‍കുന്ന സരള്‍-ഹരിയാണ, കര്‍ണാടകത്തില്‍ 479 സേവനങ്ങള്‍ ലഭ്യമാക്കുന്ന സേവാസിന്ധു എന്നിവയൊക്കെ ബന്ധിപ്പിക്കാന്‍ അതതു സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തും. കേരള സര്‍ക്കാരിനെയും സമീപിക്കും.നിലവില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളും എന്‍.ഐ.സിയും തമ്മില്‍ സാങ്കേതികസഹായത്തിനു ധാരണയുള്ളതിനാല്‍ സേവനങ്ങളുടെ സംയോജനത്തിന് ഔദ്യോഗിക തടസ്സങ്ങളില്ല.