വേദിയില്‍ വെള്ളേപ്പം ചുട്ട് നടി നൂറിന്‍ ഷെരീഫ്; പക്ഷെ സംഭവിച്ചത്

 

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ്വി’ലൂടെ ശ്രദ്ധിക്കപ്പെട്ട നൂറിന്‍ ഷെരീഫ് ഇന്ന് ഏറെ തിരക്കുള്ള നായികയാണ്. അക്ഷയ് രാധാകൃഷ്ണന്‍, നൂറിന്‍ ഷെരീഫ് എന്നിവരെ നായികാ-നായകന്മാരാക്കി എത്തുന്ന ‘വെള്ളേപ്പ’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു.മാധ്യമപ്രവര്‍ത്തകനും സിനിമ പ്രൊമോഷന്‍ രംഗത്തെ പ്രമുഖനുമായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍ പുറത്തിറങ്ങി. അക്ഷയ് രാധാകൃഷ്ണനും, നൂറിന്‍ ഷെരീഫും പ്രധാന കഥാപാത്രങ്ങളായി ചിത്രം ഭക്ഷണവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തിന് ശേഷം അക്ഷയ് അഭിനയിക്കുന്ന ചിത്രമാണിത്.

Loading...

സ്വിച്ച് ഓണ്‍ കര്‍മ്മത്തിനിടെ സിനിമയുടെ പേര് കൂടിയായ ‘വെള്ളേപ്പം’ ചുട്ടാണ് അക്ഷയ്യും നൂറിനും ആഘോഷിച്ചത്. ഭംഗിക്ക് വെള്ളേപ്പത്തിനുള്ള മാവ് ചുറ്റി, മൂടി വച്ച് വെന്തു വരാന്‍ ക്ഷമയോടെ കാത്തിരിക്കുന്ന നൂറിനാണു വിഡിയോയില്‍. എന്നാല്‍ സംഗതി റെഡി ആയതോടെ നൂറിന്റെ ആകാംഷയും കൂടി. എന്നാലും അത് പ്രകടിപ്പിക്കാതെ മെല്ലെ അപ്പം ഇളക്കി എടുത്തു. പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ, കഴിക്കാനുള്ള ഭാഗ്യം കിട്ടും മുന്‍പേ ദേ കിടക്കുന്നു അപ്പം നിലത്ത്!

അക്ഷയ് രാധാകൃഷ്ണന്‍, നൂറിന് ഷെരീഫ് എന്നിവരെ കൂടാതെ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ശ്രീജിത് രവി തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നു. പതിനെട്ടാം പടി, ജൂണ്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫഹീം തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വൈശാഖ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇതിനോടകം നിരവധി താരങ്ങളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നവാഗതനായ ജീവന്‍ലാല്‍ തിരക്കഥയൊരുക്കുന്ന ചിത്രം പേരുപോലെ തന്നെ ഭക്ഷണത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു കഥയാണ് പറയുന്നത്. തൃശ്ശൂരും പ്രാന്തപ്രദേശങ്ങളിലുമായി ഒരുക്കുന്ന ചിത്രം അടുത്തവര്‍ഷം ആദ്യത്തോടെ പുറത്തിറങ്ങും. ഷാഹാബ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ലീല ഗിരീഷ് കുട്ടന്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ രചിക്കുന്നത് അജേഷ് ദാസനും, മനു മഞ്ജിത്തും ചേര്‍ന്നാണ്.