ഉത്തരകൊറിയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു; ലോക്ക്ഡൗൺ പ്രഖ്യാപിച്ച് കിം ജോങ് ഉൻ

പ്യോങ്യാങ്: ഉത്തരകൊറിയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു.പ്യോങ്യാങ് പ്രവിശ്യയിലാണ് ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ചത്.ഇതോടെ ലീഡർ കിം ജോങ് ഉൻ രാജ്യവ്യാപകമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു . രാജ്യത്തിൻ്റെ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ മറികടന്നുണ്ടായ ആരോഗ്യഅടിയന്തരാവസ്ഥയായി ഈ ആദ്യകേസിനെ കണക്കാക്കി കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും എന്ന സൂചനയും കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി നൽകി.എന്നാൽ, രണ്ടരക്കോടി ജനങ്ങൾ കഴിയുന്ന ഉത്തര കൊറിയയിൽ നിരവധി പേർക്ക് ഇതിനോടകം തന്നെ കോവിഡ് ബാധ ഉണ്ടെന്നാണ് ആരോഗ്യനിരീക്ഷകരുടെ അഭിപ്രായം.

2020 -ൽ കോവിഡ് വ്യാപനമുണ്ടായപ്പോൾ മുതൽ ഉത്തര കൊറിയ സ്വീകരിച്ചിട്ടുള്ള ഒരേയൊരു പ്രതിരോധ മാർഗം അതിർത്തികൾ പൂർണമായും അടച്ചിടുക എന്നത് മാത്രമാണ്. ചരക്കു ഗതാഗതം പോലും ഈ സമയത്ത് നിരോധിക്കപ്പെട്ടത് കടുത്ത ആവശ്യവസ്തുക്ഷാമത്തിനും കാരണമായിരുന്നു. അന്താരാഷ്ട്ര ഏജൻസികൾ വാക്സിൻ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടും ജനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകാൻ കിം ജോങ് ഉൻ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിൽ, വളരെ വലിയൊരു കോവിഡ് വ്യാപനത്തിന്റെ ഭീഷണിയിലാണ് കൊറിയയിലെ ജനങ്ങൾ എന്ന മുന്നറിയിപ്പാണ് അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ നൽകുന്നത്.

Loading...