ഐക്യരാഷ്ട്രസഭയുടെ ഉപരോധം മറികടന്ന് ഉത്തരകൊറിയ കൽക്കരി കയറ്റുമതി നടത്തി

മോസ്കോ: ഐക്യരാഷ്ട്രസഭയുടെ ഉപരോധം മറികടന്ന് ഉത്തരകൊറിയ കയറ്റുമതി നടത്തിയെന്ന് റിപ്പോർട്ട്. കയറ്റുമതിയ്ക്ക് ഐക്യരാഷ്ട്രസഭയുടെ ഉപരോധം നിലനില്‍ക്കെ ഉത്തരകൊറിയ റഷ്യയുൾപ്പെടെ മൂന്ന് രാജ്യങ്ങളിലേയ്ക്ക് കൽക്കരി കയറ്റുമതി ചെയ്തെന്നാണ് പശ്ചിമ ഇന്റലിജൻസ് പുറത്തുവിട്ട വിവരം. ദക്ഷിണകൊറിയയും ജപ്പാനുമാണ് പട്ടികയിലുള്ള മറ്റ് രണ്ട് രാഷ്ട്രങ്ങൾ. ഐക്യരാഷ്ട്ര സഭയുടെ ഉപരോധം ലംഘിച്ചുള്ള നീക്കമാണ് ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് മൂന്ന് പശ്ചിമ യൂറോപ്യൻ ഇന്‍റലിജൻസ് വൃത്തങ്ങളാണ് വ്യക്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് ഉത്തരകൊറിയയുടെ കൽക്കരി കയറ്റുമതിയ്ക്ക് ഐക്യരാഷട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ ഉപരോധം ഏർപ്പെടുത്തിയത്. ആണവായുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനും ആയുധപരീക്ഷണങ്ങൾക്കും ഉപയോഗിക്കുന്ന വിദേശനാണ്യത്തിന്റെ വരവ് നിയന്ത്രിക്കുന്നതിനുള്ള നീക്കമാണ് ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളളത്. ഉത്തരകൊറിയ മൂന്ന് തവണ റഷ്യന്‍ തുറമുഖങ്ങളായ നക്കോഡ, കോംസ്ക് എന്നിവ വഴി കടത്തിയെന്നും ശേഷം കപ്പലില്‍‍ ജപ്പാനിലേയ്ക്കും ദക്ഷിണകൊറിയയിലേക്കും എത്തിച്ചുവെന്നും പശ്ചിമ യൂറോപ്യൻ ഇന്റലിജന്‍സ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് ചില ചരക്കുകള്‍ ദക്ഷിണ കൊറിയയിലേയ്ക്കും ജപ്പാനിലേയ്ക്കും എത്തിയതെന്നും പാശ്ചാത്യ ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. റഷ്യ വഴി ഉത്തരകൊറിയ കല്‍ക്കരി വ്യാപാരം നടത്തിയിരുന്നുവെന്നും ഇപ്പോഴും ഇത് അനുസ്യൂതം തുടരുന്നുണ്ടെന്നും അമേരിക്കൻ സുരക്ഷാ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയിലെ നക്കോദ്ക തുറമുഖം വഴിയാണ് ഉത്തരകൊറിയൻ കൽക്കരി കയറ്റുമതി പ്രധാനമായും നടക്കുന്നതെന്ന് യൂറോപ്യൻ സുരക്ഷാ വൃത്തങ്ങളാണ് വ്യക്തമാക്കിയത്. എന്നാൽ ഉത്തരകൊറിയെ സംബന്ധിച്ചുള്ള വിവരമായതിനാല്‍ സുരക്ഷ കണക്കിലെടുത്ത് യൂറോപ്യൻ സുരക്ഷാ വൃത്തങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റഷ്യ ഒരു കോണ്‍‍ഫറന്‍സില്‍ വച്ചാണ് ഉത്തരകൊറിയയെ സംബന്ധിച്ച ഈ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.

ഉത്തരകൊറിയയുടെ കല്‍ക്കരി കയറ്റുമതിയുടെ വാഹകർ മാത്രമായിരുന്നു റഷ്യയെന്നാണ് റഷ്യൻ വാദം. കൊറിയയിൽ നിന്ന് റഷ്യ കൽക്കരി വാങ്ങിയിരുന്നില്ലെന്നും മൂന്ന് രാജ്യങ്ങൾക്കും ഇടയിലെ ഹബ്ബ് മാത്രമായിരുന്നു തങ്ങളെന്നാണ് റഷ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജൻ‍സി റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം യുഎന്നിലെ റഷ്യൻ അംബാസഡര്‍ നവംബറില്‍ യുഎന്നിന്റെ സെക്യൂരിറ്റി കൗൺസിലിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഉപരോധ നിയമത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള അഭിഭാഷകരും ഉത്തരകൊറിയയുടേത് ഉപരോധ ലംഘനമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

2016ലെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ പ്രമേയം അനുസരിച്ച് ഉത്തരകൊറിയയില്‍ നിന്ന് സ്വീകരിച്ചിട്ടുള്ള കല്‍ക്കരിയുടെ കണക്ക് സമർപ്പിക്കേണ്ടത് നിർബന്ധമാണ്. ഓരോ മാസം അവസാനിച്ച് അടുത്ത 30 ദിവസത്തിനുള്ളിൽ കണക്ക് സമർപ്പിക്കണമെന്നാണ് സുരക്ഷാ കൗൺസിൽ നിഷ്കർഷിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ വര്‍ഷം റഷ്യ ഉത്തരകൊറിയയില്‍ നിന്നുള്ള കയറ്റുമതി കണക്കുകളോ ഇറക്കുമതി സംബന്ധിച്ച കണക്കുകളോ സുരക്ഷാ കൗൺസിലിന് കൈമാറിയിട്ടില്ല.

Top