വിലക്ക് മുസ്‌ലിം നിരോധനമല്ല- വിശദീകരണവുമായി ട്രംപ്

വാഷിങ്ടണ്‍: ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരെ വിലക്കിയതിനെ മുസ്‌ലിം നിരോധനമായി കാണരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിലക്കിനെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ട്രംപ് വിശദീകരണവുമായി രംഗത്തെത്തിയത്. മുസ്‌ലിം നിരോധനമല്ല, മറിച്ച് അമേരിക്കയെ തീവ്രവാദത്തില്‍ നിന്ന് രക്ഷിക്കാനാണ് ഇത്തരമൊരു നടപടിയെടുത്തതെന്ന് ട്രംപ് വിശദമാക്കി. മാധ്യമങ്ങള്‍ തീരുമാനത്തെ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തു പഴുതടച്ച സുരക്ഷ ഉറപ്പാക്കിയ ശേഷം നിരോധനം പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

40തോളം വരുന്ന മറ്റ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ക്ക് അമേരിക്കയില്‍ വരുന്നതിന് തടസമില്ലെന്നും ട്രംപ് അറിയിച്ചു. സിറിയയിലെ ജനങ്ങളുടെ അവസ്ഥയില്‍ ദു:ഖമുണ്ടെന്നും എന്നാല്‍ രാജ്യത്തിന്റെ സുരക്ഷക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.

Loading...

ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ,യമന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക്. ഇതില്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കിയിരുന്നു.