കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രനും സെക്രട്ടറിക്കും ഓംബുഡ്സ്മാന്റെ നോട്ടീസ്

തിരുവനന്തപുരം. ആര്യ രാജേന്ദ്രനോട് കത്ത് വിവാദത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്‌സ്മാന്‍ പിഎസ് ഗോപിനാഥന്‍ നോട്ടിസ് നല്‍കി. ഇതോടെ സിപിഎമ്മും സര്‍ക്കാരും ആശങ്കയിലാണ്. ആര്യയ്ക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടിസ് നല്‍കിയതിനു പിന്നാലയാണിത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ പാലോട് നല്‍കിയ പരാതിയിലാണ് ഓംബുഡ്‌സ്മാന്റെ ഉത്തരവ്.

ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി ഈ മാസം 20 നു മുന്‍പ് മേയറും സെക്രട്ടറിയും നല്‍കണമെന്നും പകര്‍പ്പ് പരാതിക്കാരനു കൈമാറണമെന്നും നിര്‍ദേശിച്ചു. അടുത്ത മാസം 2 ന് 10.30 ന് ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ മേയറും സെക്രട്ടറിയും പങ്കെടുക്കണം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നു കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്‍പ്പിച്ചു തിരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ദേശം നല്‍കാനും അഴിമതി തെളിഞ്ഞാല്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാനും ഓംബുഡ്‌സ്മാന് അധികാരമുണ്ട്.

Loading...

അതേസമയം ആരോപണങ്ങളില്‍ വസ്തുതയില്ലെന്നു കണ്ടെത്തിയാല്‍ പരാതി തള്ളും. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേലും ഓംബുഡ്‌സ്മാനാണു തീരുമാനമെടുക്കുക. അതേസമയം മേയറുടെ ഒറിജിനല്‍ കത്ത് നശിപ്പിച്ചുവെന്ന നിഗമനത്തിലാണു ക്രൈംബ്രാഞ്ചും വിജിലന്‍സും. പ്രാഥമിക റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിനു കൈമാറും.കത്തു വിഷയം ചര്‍ച്ച ചെയ്യുന്നതിനു ശനിയാഴ്ച കോര്‍പറേഷന്റെ പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. ബിജെപിയുടെ 35 അംഗങ്ങള്‍ ആവശ്യപ്പെട്ട പ്രകാരമാണിത്. ഇന്നലെ കാര്യമായ പ്രതിഷേധം കോര്‍പറേഷനില്‍ ഉണ്ടായിരുന്നില്ല.