മൂന്നുവര്‍ഷമായി സമദിന്റെ ചായക്കടയിലെ ഒരു ഗ്ലാസ് ചായ കാത്തിരിക്കുന്നു ;നൗഷാദിനെയും കാത്ത് !

മൂന്നുവര്‍ഷമായി സമദിന്റെ ചായക്കടയിലെ ഒരു ഗ്ലാസ് ചായ കാത്തിരിക്കുന്നു നൗഷാദിനെ കാത്ത്. ആരാണ് അയാള്‍ എന്ന് മനസ്സിലായോ… നശിക്കാത്ത മനുഷ്യത്ത്വത്തിന്റെ പ്രതീകമാണ് കരുവശ്ശേരി നൗഷാദ്. മറന്നു കാണില്ല ആരും, സ്വന്തം തിരക്കുകള്‍ മാറ്റിവെച്ച് കഷ്ടപ്പെടുന്നവര്‍ക്കിടയിലേക്ക് ഓടിച്ചെന്ന മനുഷ്യസ്‌നേഹിയെ.

മൂന്നുവര്‍ഷം മുമ്പ് കെഎല്‍11 എസ് 6693 എന്ന നമ്പറിലുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ചായക്ക് ഓഡര്‍ നല്‍കി ഇറങ്ങിപ്പോയതാണ്. ആള്‍നൂഴി വൃത്തിയാക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ശ്വാസം കിട്ടാതെ മലിനജലത്തിന്റെ ആഴങ്ങളില്‍ അപ്രത്യക്ഷരായപ്പോള്‍ അവരുടെ ജീവനായി സ്വയം ഹോമിച്ച വലിയ മനുഷ്യന്‍.

അന്നൊരു വ്യാഴാഴ്ചയായിരുന്നു. ഓട്ടം കഴിഞ്ഞ് തന്റെ പത്തുമണിയിലെ പതിവ് ചായക്ക് ഓഡര്‍ നല്‍കി നൗഷാദ്. അപ്പോഴാണ് തൊട്ടപ്പുറത്ത് നിലവിളയും ബഹളവും കേട്ടത്. മറ്റൊന്നും നോക്കിയില്ല സമദിനോട് ചായ അവിടെ വെച്ചോ ഇതാ വരുന്നു എന്ന് പറഞ്ഞ് അവന്‍ ഓടി ചെന്നു. ആള്‍നൂഴിക്ക് സമീപമെത്തിയപ്പോള്‍ ആന്ധ്രപ്രദേശുകരായ ഭാസ്‌കറും നരസിംഹവും ഓടയിലേക്കിറങ്ങി അപ്രത്യക്ഷരായിരുന്നു. എന്നാല്‍ ചുറ്റും കൂടിയവര്‍ ഇവരെ എങ്ങനെ രക്ഷിക്കും എന്ന ചര്‍ച്ചയായിരുന്നു. ഫയര്‍ഫോഴ്‌സിനെ അറിയിക്ക്, കയറിട്ട് വലിക്ക് എന്നെല്ലാം ശബ്ദങ്ങള്‍ ഉയരുന്നു എന്നാല്‍ തനിക്ക് ചര്‍ച്ച കേള്‍ക്കാന്‍ സമയമില്ല, മുങ്ങികൊണ്ടിരുന്ന ആളെ രക്ഷിക്കാന്‍ ശ്രമിച്ചു നൗഷാദ്. എന്നാല്‍ മുങ്ങികൊണ്ടിരുന്ന ആരോ മരണവെപ്രാളത്തില്‍ കാലില്‍ പിടിച്ചു വലിച്ചു. പിടിവിട്ടു നൗഷാദ് മരണത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു.

എന്നാല്‍ ആ ജാവത്യാഗത്തെ ശരിക്കുമൊരു ഞെട്ടലായിരുന്നു കേരളക്കര കണ്ടത്. ഇവിടെ രാഷ്ട്രീയമില്ല, ജാതി മതമില്ല, അനാഥമായ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഒന്നാകെ കൈകോര്‍ത്തു മലയാളികള്‍. അല്‍പമൊന്ന് കണ്ണുനീര്‍ പൊടിക്കാത്തവര്‍ ഉണ്ടാകില്ല. ശേഷം നൗഷാദിന്റെ ഭാര്യക്ക് ജോലി നല്‍കി സര്‍ക്കാര്‍ ആ ജീവത്യാഗത്തിന് മുന്നില്‍ ആദരമര്‍പ്പിച്ചു.

മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ നൗഷാദിനോടു കാണിച്ച സ്‌നേഹത്തില്‍ മലയാളിക്ക് കുറവുണ്ടായോ. പ്രത്യേകിച്ചു കോഴിക്കോട്ടുകാര്‍ക്ക്.. ഉണ്ടെന്നാണ് നൗഷദിന്റെ കൂട്ടുകാരായ ഓട്ടോതൊഴിലാളികളുടെ പരാതി. ചുറ്റിലും വിദ്വേഷവും പകയും നിറയുന്ന ഇക്കാലത്ത് പേരു പേലും അറിയാത്ത രണ്ടുമനുഷ്യര്‍ക്കായി സ്വയം ഹോമിച്ച ഈ സാധാരണക്കാരന്റെ ഓര്‍മ്മ നിലനില്‍ത്താന്‍ സ്മാരകമില്ല. മരണത്തിലേക്ക് ആഴ്ന്നിറങ്ങിയെങ്കിലും ഇന്നും സമദിന്റെ ചായക്കടയില്‍ ഒരു ഗ്ലാസ് ചായ തണുത്താറി കാത്തിരിക്കുന്നുണ്ട് നൗഷാദിന് വേണ്ടി. പുതിയ തലമുറയ്ക്ക് മനുഷ്യ സ്‌നേഹത്തിന്റെ വലിയ മനസിലാക്കികൊടുക്കാന്‍ ആ ഒരു ഗ്ലാസ് ചായയ്ക്ക് കഴിയും….

Top