ലണ്ടന്‍: പുരുഷ സിംഗിൾസിൽ നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ ഫെഡററെ മറിടകന്ന് നൊവാക് ജോക്കോവിച്ച് വിമ്പിൾഡൻ നിലനിർത്തി. സ്കോര്‍: 7-6, 6-7, 6-4, 6-3. ജോക്കോവിച്ചിന്റെ മൂന്നാം വിംബിള്‍ഡണ്‍ കിരീടവും ഒമ്പതാം ഗ്രാന്‍സ്ലാം കിരീടവുമാണിത്.

ആദ്യ രണ്ടുസെറ്റുകളില്‍ ജോക്കോവിച്ചിന്റെ പോരാട്ടവീര്യത്തെ വെല്ലുവിളിച്ച ഫെഡറര്‍ക്ക് നിര്‍ണായകമായ മൂന്നാം സെറ്റില്‍ അടിപതറിയതോടെ പലപ്പോഴും പിഴച്ചു. നൊവാക് ജോക്കോവിച്ചിന്റെ  ചുറുചുറുക്കിനും പോരാട്ടവീര്യത്തിനും മുന്നില്‍ പ്രായം തളര്‍ത്താത്ത പോരാളിയായ റോജര്‍ ഫെഡറര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഒരുപാട് അനാവശ്യ പിഴുകള്‍ വരുത്തിയ ഫെഡറര്‍ സെമിയില്‍ മറെയെ തോല്‍പ്പിച്ചിതിന്റെ നിഴല്‍ മാത്രമായി. എട്ടാം വിംബിള്‍ഡണും പതിനെട്ടാം ഗ്രാന്‍സ്ലാമുമെന്ന ചരിത്രനേട്ടം ഫെഡറില്‍ നിന്നകന്നുപോയപ്പോള്‍ യഥാര്‍ഥ ചാമ്പ്യനെപ്പോലെ ജോക്കോവിച്ച് കളം നിറഞ്ഞു.

Loading...

ആദ്യ സെറ്റ് ടൈ ബ്രേക്കറില്‍ നഷ്ടമായപ്പോളെ വരാനിരിക്കുന്നതിന്റെ സൂചന ലഭിച്ചിരുന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ ടൈ ബ്രേക്കറില്‍ അണയാത്ത പോരാട്ടവീര്യവുമായി ഫെഡറര്‍ തിരിച്ചടിച്ചപ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷിച്ചു. എന്നാല്‍ മൂന്നും നാലും സെറ്റുകളില്‍ ജോക്കോവിച്ച് പുറത്തെടുത്ത കളിമികവ് ഫെഡററെ തളര്‍ത്തി. തുടര്‍ച്ചയായി അനാവശ്യപിഴവുകള്‍ വരുത്തിയ ഫെഡറര്‍ നാലാം സെറ്റില്‍ തീര്‍ത്തും അവശനായിരുന്നു.