പ്രവാസികള്‍ക്ക് താങ്ങായി മുഖ്യമന്ത്രി; മൂന്ന് ശതമാനം പലിശയില്‍ സ്വര്‍ണപണയ വായ്പ നല്‍കും

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെല്ലാം തന്നെ ഓരോ ചുവട് വെക്കുമ്പോഴും മുഖ്യമന്ത്രി എപ്പോഴും പ്രവാസികളെ ഓര്‍ക്കാറുണ്ട്. പ്രവാസികള്‍ക്കായി എന്തെങ്കിലും പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിക്കാറുമുണ്ട്. പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശ നിരക്കില്‍ നാല് മാസത്തേക്ക് സ്വര്‍ണ പണയ വായ്പ അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.കേരള ബാങ്കിന്റെ 729 ശാഖകളിലൂടെയായിരിക്കും പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുക. മാത്രമല്ല പ്രോസസിംഗ് ചാര്‍ജോ ഇന്‍ഷൂറന്‍സ് അപ്രൈസലോ ഈടാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പേര്‍ സഹായ വാഗ്ദാനവുമായി വന്നിട്ടുണ്ട്. ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്‍ മൂന്ന് പരിശീലന കേന്ദ്രങ്ങല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ട് തരാമെന്ന് അറിയിച്ചിട്ടുണ്ട്. പി.വി അബ്ദുള്‍ വഹാബ് എം.പിയുടെ പിവീസ് ഇന്‍ര്‍നാഷണല്‍ സ്‌കൂള്‍, മോഡല്‍ സ്‌കൂല്‍, അമല്‍ കോളേജ് എന്നിവയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ട് നല്‍കും.

Loading...

ഇതിന് പുറമെ 25000 മാസ്‌ക് നിര്‍മിച്ച് നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്ലിന്‍ സള്‍ഫേറ്റ് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. പോലീസ് സഹകരണ സംഘം രണ്ട് കോടി 24 ലക്ഷം രൂപ, നടക്ക് താഴെ സര്‍വീസ് സഹകരണ ബാങ്ക് 52,25,000 രൂപ, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് 50 ലക്ഷം, പി.സി താഹില്‍ 50 ലക്ഷം, സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത 10 ലക്ഷം തുടങ്ങി ദുരിതാശ്വാസ നിധിയിലേക്ക് വിവിധ മേഖലകളില്‍ നിന്ന് സഹായമെത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.