ഓൺലൈൻ ക്ലാസിനിടെ ന​ഗ്നതാ പ്രദർശനം; പ്രാഥമിക റിപ്പോർട്ട് കൈമാറി

കാസർകോട്: കാഞ്ഞങ്ങാട്ടെ ഓൺലൈൻ ക്ലാസിനിടെ നഗ്നതാപ്രദർശനം വലിയ വിവാദമായതിന് പിന്നാലെ നടപടിക്കൊരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വിദ്യാഭ്യാസ വകുപ്പിന് പ്രാഥമിക റിപ്പോർട്ട് കൈമാറിയിരിക്കുകയാണ്. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടിരുന്നു.കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ഓൺലൈൻ ക്ലാസ് എടുക്കുന്നതിനിടെയാണ് ഒരു ഐഡിയിൽ നിന്ന് നഗ്നതാ പ്രദർശനം ഉണ്ടായത്. മുഖം മറച്ചാണ് നഗ്നത പ്രദർശിപ്പിച്ചയാൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകിയിരുന്നു.

കാസർകോട് ഡിഡിഇ കെ വി പുഷ്പയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂളിലെത്തി തെളിവെടുത്തു. സംഭവത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് ഇതിന് ശേഷമാണ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറിയത്. ഓൺലൈൻ ക്ലാസിൽ സംഭവിച്ച കാര്യങ്ങൾ വിശദമാക്കിയുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്.അതേസമയം പൊലീസ് അന്വേഷണം തുടരുകയാണ്. ഹൊസ്ദുർഗ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം. ദൃശ്യങ്ങൾ വിശദമായി അന്വേഷണ സംഘം പരിശോധിച്ചു. ഫായിസ് എന്ന പേരിൽ വിദ്യാർത്ഥി ക്ലാസിൽ പഠിക്കുന്നില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ നഗ്നത പ്രദർശിപ്പിച്ചയാൾക്ക് ഓൺലൈൻ ക്ലാസിൻറെ ലിങ്ക് എങ്ങിനെ കിട്ടി എന്നത് അടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. നഗ്നതാ പ്രദർശനം നടത്തിയ ആളാരാണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Loading...