ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം വൈകുന്നു; വീണ്ടും സമരത്തിനൊരുങ്ങി കന്യാസ്ത്രീകള്‍; ആവശ്യങ്ങള്‍ നടപ്പിലാക്കിക്കിട്ടാന്‍ സമരമാര്‍ഗ്ഗം സ്വീകരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് സിസ്റ്റര്‍ അനുപമ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗക്കേസില്‍ കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. ഏപ്രില്‍ 6 ന് കൊച്ചിയില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കും. ഇന്ന് ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. രണ്ടാഴ്ച മുമ്പ് കന്യാസ്ത്രീകള്‍ കോട്ടയം എസ്പിയെ കണ്ട് കേസില്‍ കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധം അറിയിച്ചിരുന്നു.

ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നാണ് കൂടിക്കാഴ്ചയില്‍ എസ്പി ഉറപ്പുനല്‍കിയത്. എന്നാല്‍ ഇതുവരെയായും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സമരരംഗത്തേക്കിറങ്ങാന്‍ കന്യാസ്ത്രീകള്‍ തീരുമാനിച്ചിരിക്കുന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ കഴിഞ്ഞ സെപ്തംബറിലാണ് ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റു ചെയ്തത്. എന്നാല്‍ അറസ്റ്റു ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെയാണ് കന്യാസ്ത്രീകള്‍ പ്രതിഷേധത്തിനൊരുങ്ങുന്നത്.

Loading...