നഴ്സിന് കോവിഡ് 19, കുത്തിവയ്പ്പെടുത്ത നാൽപ്പതോളം കുട്ടികൾ നിരീക്ഷണത്തിൽ

എറണാകുളത്ത് നഴ്സി​ന് കൊവി​ഡ് സ്ഥി​രീകരി​ച്ചതി​നെ തുടർന്ന് നാൽപ്പതോളം കുട്ടികളെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. നഴ്സ് പ്രതി​രോധ കുത്തിവയ്പ്പെടുത്ത കുട്ടി​കളെയാണ് നി​രീക്ഷണത്തി​ലാക്കി​യത്. കാലടി ശ്രീമൂലനഗരം മേഖലയിലുളളവരാണ് നീരീക്ഷണത്തിൽ ഉളളവരിൽ അധികവും.കുട്ടി​കൾക്കൊപ്പം കുടുംബാംഗങ്ങളെയും നി​രീക്ഷണത്തി​ലാക്കി​യി​ട്ടുണ്ട്. എന്നാൽ എഴുപതോളം കുട്ടികളെയും വീട്ടുകാരെയും നിരീക്ഷണത്തിലാക്കിയെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. പഞ്ചായത്തിലെ ആറുവാർഡുകൾ കണ്ടെൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്സിന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇതേ ദിവസം നാൽപതോളം കുട്ടികൾക്ക് ഇവർ പ്രതി​രോധ കുത്തി​വയ്പ്പെടുത്തി​രുന്നു. രോഗം സ്ഥി​രീകരി​ച്ച നഴ്സി​ന്റെ ഭർത്താവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരുടെയും സമ്ബർക്കപ്പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. നഴ്സ് ജോലി ചെയ്തിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ച മട്ടിലാണ്.ഇവിടെയുള്ള ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

Loading...

അതേസമയം നിരീക്ഷണത്തിലുള്ള കുട്ടികളുടെ സ്രവപരിശോധന എത്രയും പെട്ടെന്ന് നടത്തണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.