കൊറോണ; രോഗികളെ ചികിത്സിച്ചിരുന്ന നഴ്‌സ് ആത്മഹത്യ ചെയ്തു

ലണ്ടന്‍: ലണ്ടനിലെ കിങ്‌സ് കോളേജ് ആശുപത്രിയിലെ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊറോണ രോഗികളെ ചികിത്സിച്ചിരുന്ന നഴ്‌സിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിക്കുള്ളിലാണ് ഇവരെ അമിത തോതില്‍ മരുന്ന് കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. തീവ്രപരിചരണവിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഈ 20 വയസ്സുകാരി.

ആത്മഹത്യയാണെന്നും അമിതമായ അളവില്‍ മരുന്ന് കഴിച്ചാണ് മരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകീട്ട് അബോധാവസ്ഥയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.യുവതിയുടെ മരണത്തില്‍ മറ്റുസംശയങ്ങളില്ലെന്നും അവരുടെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും പോലീസ്.

Loading...

സംഭവത്തില്‍ അന്വേഷണനടപടികള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് എട്ട് പേരാണ് കിങ്‌സ് കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വൈറസ് ബാധിതരായ ഒട്ടേറേ രോഗികളും ഇവിടെ ചികിത്സയിലുണ്ട്. ഇതിനിടെയാണ് രോഗികളെ പരിചരിക്കുന്ന നഴ്‌സ് ജീവനൊടുക്കിയെന്ന വാര്‍ത്തയും പുറത്തുവന്നത്.

അതേസമയം സ്‌പെയിനിലും മരണസംഖ്യ ഭീകരമായി വര്‍ദ്ധിക്കുന്നു. കോവിഡ് 19 മരണസംഖ്യയില്‍ ചൈനയെ മറികടന്ന് സ്‌പെയിന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 738 പേര്‍ കൂടി മരിച്ചതോടെ സ്‌പെയിനിലെ മരണസംഖ്യ 3434 ആയതായി സര്‍ക്കാര്‍ വെളിപ്പെടുത്തി.കൊറോണ വൈറസ് വ്യാപനം ആദ്യമുണ്ടായ ചൈനയില്‍ 3280 പേരാണ് മരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് – 19 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിട്ടുള്ളത് ആറായിരത്തിലേറെപ്പേര്‍ മരിച്ച ഇറ്റലിയില്‍ നിന്നാണ്. വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗണ്‍ 11-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സ്‌പെയിനില്‍ ഒരു ദിവസംതന്നെ നിരവധി മരണങ്ങള്‍.