കൊച്ചി: നഴ്സിങ് റിക്രൂട്ട്മെന്റില്‍ വന്‍ തട്ടിപ്പ്. 19,500 രൂപയ്ക്കു പകരം 19,50,000 രൂപ ഈടാക്കി നഴ്സുമാരെ കബളിപ്പിച്ചു. നഴ്സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ പ്രൊട്ടക്‌ടര്‍ ഓഫ് ഇമിഗ്രന്റ്‌്‌സ് അഡോള്‍ഫസ് ലോറന്‍സിനെ ഒന്നാംപ്രതിയാക്കി സിബിഐ കേസെടുത്തു. കൊച്ചിയിലെ അല്‍ സറാഫാ റിക്രൂട്ടിങ് സ്‌ഥാപനമാണ് രണ്ടാം പ്രതി. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളില്‍ നഴ്സ്‌മാരെ റിക്രൂട്ട് ചെയ്‌ത സ്‌ഥാപനം 110 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. അല്‍ സറാഫയില്‍ സിബിഐ റെയ്‌ഡ് തുടരുകയാണ്.
കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളില്‍ 1200 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിലെ അല്‍ സറാഫാ എന്ന റിക്രൂട്ടിങ് സ്‌ഥാപനത്തിന് കരാറുണ്ടായിരുന്നത്. ഒരു ഉദ്യോഗാര്‍ഥിയില്‍ നിന്നും 19,500 രൂപ വീതം റിക്രൂട്‌മെന്റിനായി ഈടാക്കാമെന്നായിരുന്നു വ്യവസ്‌ഥ. എന്നാല്‍ അല്‍ സറാഫാ ഒരു ഉദ്യോഗാര്‍ഥിയില്‍ നിന്ന് 19,50,000 രൂപ വീതമാണ് ഈടാക്കിയത്.
ആദായനികുതി വകുപ്പ് കണ്ടെത്തിയ 110 കോടിയുടെ ഈ വന്‍ തട്ടിപ്പില്‍ കൊച്ചിയിലെ പ്രൊട്ടക്‌ടര്‍ ഓഫ് ഇമിഗ്രന്‍സിനും പങ്കുണ്ടെന്നാണ് സിബിഐക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്‌ഥാനത്തില്‍ പ്രൊട്ടക്‌ടര്‍ ഓഫ് ഇമിഗ്രന്‍സായ കൊല്ലം സ്വദേശി അഡോള്‍ഫസ് ലോറന്‍സിനെ ഒന്നാം പ്രതിയാക്കി സിബിഐ കേസ് റജിസ്‌റ്റര്‍ ചെയ്‌തു. അല്‍ സറാഫാ സ്‌ഥാപനമാണ് രണ്ടാം പ്രതി. എഫ്‌ഐആര്‍ കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു.
അല്‍ സറാഫാ നഴ്സ് റിക്രൂട്ടിങ്ങിനായി ലക്ഷക്കണക്കിന് രൂപ കൈക്കൂലിവാങ്ങുന്നുവെന്ന് കോട്ടയം സ്വദേശിനിയായ നഴ്സ് പ്രൊട്ടക്‌ടര്‍ ഓഫ് ഇമിഗ്രന്‍സിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി അല്‍ സറാഫയ്ക്ക് അയച്ചു കൊടുക്കുയാണ് അഡോള്‍ഫസ് ലോറന്‍സ് ചെയ്‌തത്. യുവതിയെ ഭീഷണിപ്പെടുത്തി പരാതിയില്ലെന്ന് എഴുതിവാങ്ങിയതായും സിബിഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. കേസെടുത്തതിനെ തുടര്‍ന്ന് മറൈന്‍ഡ്രൈവിലെ അല്‍ സറാഫ റിക്രൂട്ടിങ് ഏജന്‍സിയിലും മാര്‍ക്കറ്റ് റോഡിലെ പ്രൊട്ടക്‌ടര്‍ ഓഫ് ഇമിഗ്രന്‍സ് ഓഫിസിലും സിബിഐ റെയ്‌ഡ് നടത്തി. പ്രൊട്ടക്‌ടര്‍ ഓഫ് ഇമിഗ്രന്‍സും അല്‍ സറാഫയും തമ്മിലുള്ള ഇമെയില്‍ സന്ദേശങ്ങളുടേതടക്കം വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ അഡോള്‍ഫസ് ലോറന്‍സിനെ ഉടന്‍ ചോദ്യം ചെയ്യും.
ഈ രംഗത്ത് ഇവര്‍മാത്രമല്ല തട്ടിപ്പുകള്‍ നടത്തുന്നത്. മറ്റുള്ള എല്ലാ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്ന് പ്രവാസി സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
റിക്രൂട്ട്മെന്റ് തട്ടിപ്പ്: കുവൈറ്റിലെ ഏഴ് പ്രവാസി പ്രമുഖർ സബ് ഏജന്റുമാർ
കൊച്ചി: കോടികൾ തട്ടിയെടുത്ത നഴ്സിംഗ് റിക്രൂട്ട്മെന്റിന് കൊച്ചിയിലെ അൽ സറഫാ ട്രാവൽ ഏജൻസിക്ക് സഹായമൊരുക്കിയത് കുവൈറ്റിലെ പ്രവാസി പ്രമുഖർ. കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായ ഏഴ് മലയാളികളാണ് തട്ടിപ്പിന് കളമൊരുക്കിയതെന്നാണ് സൂചന. ഇവർ മുഖേനയാണ് നഴ്സിംഗ് റിക്രൂട്ട്മെന്റ് കരാർ കുവൈറ്റ് സർക്കാരിൽ നിന്ന് നേടിയത്.
റിക്രൂട്ട്മെന്റ് തട്ടിപ്പിന് എറണാകുളം സൗത്തിലെ അൽ സറഫാ ട്രാവൽ ആൻഡ് മാൻപവർ കൺസൾട്ടൻസിയെയും പ്രൊട്ടക്ടർ ഒഫ് എമിഗ്രൻസിനെയും പ്രതികളാക്കി കഴിഞ്ഞദിവസം സിബിഐ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തു. ട്രാവൽ ഏജൻസി ഓഫീസ്, ഉടമ കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ് വർഗീസിന്റെ വസതി എന്നിവിടങ്ങളിൽ സി.ബി.ഐ നടത്തിയ പരിശോധനയിൽ കരാറിന്റെ രേഖകൾ, പണം നൽകിയതുമായി ബന്‌ധപ്പെട്ട ഫയലുകൾ എന്നിവ പിടിച്ചെടുത്തു.
നഴ്സിംഗ് റിക്രൂട്ട്മെന്റിനായി ഉദ്യോഗാർത്‌ഥികളിൽ നിന്ന് 19,500 രൂപ വാങ്ങേണ്ടയിടത്ത് ട്രാവൽ ഏജൻസി 19.5 ലക്ഷം രൂപ വീതമാണ് വാങ്ങിയത്. ഇങ്ങിനെ 300 കോടി രൂപയോളം ഉതുപ്പ് വർഗീസ് തട്ടിയെടുത്തെന്നും പ്രൊട്ടക്ടർ ഒഫ് എമിഗ്രൻസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തൽ. 1,200 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം അൽ സറഫാ ഏജൻസിക്ക് നൽകിയത്. ഇതുവരെ 453 പേരെ കുവൈത്തിലേക്ക് അയച്ചിട്ടുണ്ട്.
സബ് ഏജന്റുമാർ വഴി കോടിക്കണക്കിന് രൂപ എൻ.ആർ.ഐ അക്കൗണ്ടുകൾ വഴി കേരളത്തിലെ വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാൻ ഈ തുക ഉപയോഗിച്ചിട്ടുണ്ടോ എന്ന് സി.ബി.ഐ സംശയിക്കുന്നുണ്ട്. സേവനഫീസ് മാത്രമേ വാങ്ങിയിട്ടുള്ളൂയെവെന്ന് ഉദ്യോഗാർത്ഥികളിൽ നിന്ന് എഴുതിവാങ്ങിയ ശേഷമാണ് ബാക്കി തുക ഈടാക്കിയിരുന്നത്. ചെക്കോ ഡ്രാഫ്റ്റോ സ്വീകരിക്കാതെ, പണം നേരിട്ട് വാങ്ങുന്നതാണ് രീതി. കുവൈറ്റിൽ ഒന്നര ലക്ഷത്തോളം മാസശമ്പളം ഉള്ളതിനാൽ 19.5 ലക്ഷം ട്രാവൽ ഏജൻസിക്ക് നൽകുന്നതിൽ ഉദ്യോഗാർത്ഥികൾക്ക് പ്രയാസം തോന്നിയില്ല. ഒരു വർഷം പണിയെടുത്താൽ കൊടുത്ത പണം തിരിച്ചു പിടിക്കാമെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടൽ. ട്രാവൽ ഏജൻസിയിൽ അടച്ചതിനു ശേഷമുള്ള തുക കുവൈത്തിലെ ഏജന്റുമാരെ ഏൽപ്പിക്കാനായിരുന്നു നിർദേശം.
പിരിച്ചെടുത്തത് 110 കോടി രൂപ
അൽ സറഫ് എന്ന സ്ഥാപനം വഴി ഉടമ ഉതുപ്പ് വർഗീസ് 110 കോടിയാണ് പിരിച്ചെടുത്തത്. ഓഫീസ് സീൽ ചെയ്തെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഉതുപ്പ് ദോഹയിലാണെന്നാണ് വിവരം. എന്നാൽ നാട്ടിൽ തന്നെ ഒളിച്ചുകഴിയുന്നുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. റിക്രൂട്ട്മെന്റ് തട്ടിപ്പിന് പിന്നാലെ ഉതുപ്പിന്റെ മറ്റൊരു കേസും പുറത്തുവന്നു. പുതുപ്പള്ളിയിലെ വെടിവയ്പ്പുകേസ് വീണ്ടും അന്വേഷിക്കണമെന്നാണ് ആവശ്യം. കോട്ടയം ഈസ്റ്റ് സ്‌റ്റേഷനിൽ 2009ൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് മൈലക്കാട്ട് വർഗീസ് ഉതുപ്പ്. ജാമ്യം എടുത്തെങ്കിലും ഉന്നത രാഷട്രീയ ഇടപെടലിനെ തുടർന്ന് ഈ കേസ് മരവിപ്പിച്ചു എന്നാണ് വിവരം. ഇയാളുടെ വെടിയേറ്റ മൈലക്കാട്ട് ജോജി ഏതാനും ദിവസങ്ങളായി സ്ഥലത്തില്ലാത്തതും ദുരൂഹതയാണ്.
അതേസമയം, നഴ്സിംഗ് റിക്രൂട്ട്മെന്റ് സ്ഥാപനത്തിൽ നിന്ന് മൂന്നു കോടി രൂപ പിടിച്ചെടുത്ത കേസിൽ എൻഫോഴ്സ്‌മെന്റ് അന്വേഷണം ആരംഭിച്ചു. ഉദ്യോഗാർത്ഥികളിൽ നിന്നു വാങ്ങിയ പണം കണ്ടെത്താനാണ് അന്വേഷണം. പണമിടപാടിനെ കുറിച്ച് ആദായ നികുതി വകുപ്പിൽ നിന്ന് എൻഫോഴ്സ്‌മെന്റ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം പുരേഗമിക്കുമ്പോൾ കൂടുതൽ റിക്രൂട്ടിംഗ് ഏജൻസികൾ കുടുങ്ങുമെന്നാണ് സൂചന.