കുവൈത്ത് സിറ്റി: നഴ്സ് റിക്രൂട്ട്മെന്റ് കേസില്‍ സി.ബി.ഐ തിരയുന്ന രണ്ടാം പ്രതി അല്‍ സറഫ ഏജന്‍സി ഉടമ ഉതുപ്പുവര്‍ഗീനെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ട് വെറുതെ വിട്ടു. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് ഇയാള്‍ക്കെതിരെ കുവൈത്തില്‍ കേസില്ല എന്നുപറഞ്ഞ് ഇയാളെ വെറുതെ വിട്ടത്. കേസന്വേഷിക്കുന്ന സി.ബി.ഐ ഇക്കാലമത്രയുമായിട്ടും കേസിന്റെ വിവരങ്ങള്‍ കുവൈത്ത് സര്‍ക്കാരിനു കൈമാറിയിട്ടില്ല എന്നതാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. സിബിഐ മുമ്പാകെ ഹാജരാകാനാവശ്യപ്പെട്ട് ഉതുപ്പിന് ഇ-മെയിലിലൂടെ നോട്ടീസ് അയച്ചുവെന്നാണ് സിബിഐ അറിയിച്ചത്.
കുറ്റവാളികളെ കൈമാറിക്കിട്ടാന്‍ കുവൈത്തുമായുള്ള കരാര്‍ പോലും പ്രയോജനപ്പെടുത്താന്‍ അന്വേഷണ ഏജന്‍സികള്‍ തയാറാകാത്തത് കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉതുപ്പിന്റെ ഉന്നത ബന്ധങ്ങള്‍ മൂലമാണെന്ന ആരോപണം ശക്‌തമാണ്. കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന നഴ്‌സുമാരില്‍ നിന്ന് അനധികൃതമായി ലക്ഷങ്ങള്‍ വാങ്ങുന്ന ഇയാള്‍ ഇക്കൊല്ലം മാത്രം ശതകോടികളാണു തട്ടിയെടുത്തത്. കേസില്‍ അകപ്പെട്ടെങ്കിലും ഇതിനോടിടക്ക് കുവൈത്തിലേക്കു മുങ്ങിയ ഉതുപ്പ് അവിടെനിന്നു റിക്രൂട്ട്‌മെന്റ് ബിസിനസ് നടത്തി കോടികള്‍ തട്ടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഉതുപ്പ് ഇന്നലെ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ ആസ്‌ഥാനത്തെത്തിയതറിഞ്ഞ് അവിടെച്ചെന്ന മാധ്യമപ്രവര്‍ത്തകരെ ഉതുപ്പും ഗുണ്ടകളും ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. പിന്നീട് കുവൈത്ത് ഷുെവെക്ക് പോലീസ് നടത്തിയ പരിശോധനയിലാണ് ആരോഗ്യമന്ത്രാലയത്തിലെ ഒരു മുറിയില്‍ ഒളിച്ചിരുന്ന ഉതുപ്പിനെ കണ്ടെത്തിയത്. സ്‌റ്റേഷനിലേക്കു കൊണ്ടുപോയെങ്കിലും ഇയാള്‍ക്കെതിരേ കുവൈത്തില്‍ കേസില്ലെന്നും ഇന്ത്യയിലുള്ള കേസിനെക്കുറിച്ച് ഏജന്‍സികള്‍ അറിയിച്ചിട്ടില്ലെന്നും പറഞ്ഞ് വിട്ടയച്ചു.