ഡ്യൂട്ടിക്കിടെ നഴ്‌സിനെതിരെ ലൈംഗികാതിക്രമം; ഡോക്ടറെ ചെരുപ്പൂരിയടിച്ച് നഴ്‌സുമാര്‍

പട്ന  ട്രെയിനിയായ നഴ്‌സിനോട് ഡ്യൂട്ടിക്കിടെ ലൈംഗികാതിക്രമം കാണിച്ച ഡോക്ടര്‍ക്ക് നഴ്‌സുമാരുടെ വക ചെരിപ്പിനടി. ബീഹാറിലെ കാട്ടിഹാറിലാണ് സംഭവം. സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതർക്ക് പരാതി നൽകിയെങ്കിലും അവരുടെ ഭാ​ഗത്തു നിന്നും തണുത്ത പ്രതികരണമാണ് ഉണ്ടായത്. തുടർന്ന് ഇരയായ നഴ്‌സ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഡോക്ടറെ തങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ മഴ്സുമാരുടെ സംഘം ആവശ്യപ്പെട്ടെങ്കിലും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് നഴ്സുമാര്‍ സംഘം ചേര്‍ന്ന് ഡോക്ടറുടെ ക്യാബിനിലെത്തി ആക്രമണം നടത്തിയത്. സംഭവത്തില്‍ ആശുപത്രിയിലെ ചില മുതിര്‍ന്ന ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കത്തിഹാര്‍ ജില്ലാ ആശുപത്രിയിലെ ഡോ.ജാവേദിനെയാണ് നഴ്‌സുമാര്‍ കയ്യേറ്റം ചെയ്തത്. ഇയാളെ കൊല്ലൂ എന്ന് അലറിക്കൊണ്ട് നഴ്‌സുമാര്‍ വട്ടംകൂടി ഡോക്ടറെ ആക്രമിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്. തുടര്‍ന്ന് ഈ വീഡിയോ സോഷ്യല്‍ മീഡീയ ഏറ്റെടുത്തു.