കുവൈത്ത് സിറ്റി: രാജ്യത്തെ നഴ്‌സുമാര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം അവധി നല്‍കാന്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ആരോഗ്യമന്ത്രി ഡോ. അലി അല്‍-ഉബൈദി പുറപ്പെടുവിച്ചു. മറ്റു ജി.സി.സി. രാജ്യങ്ങളില്‍ നഴ്‌സിങ്‌മേഖലയില്‍ ആഴ്ചയില്‍ രണ്ടുദിവസത്തെ അവധി നടപ്പാക്കിയിട്ടുണ്ട്. കുവൈത്തിലും അവധി രണ്ടുദിവസമാക്കണമെന്ന് നഴ്‌സസ് അസോസിയേഷന്‍ വളരെക്കാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.
കുവൈത്തിലെ ചില ആസ്പത്രികളില്‍ പരീക്ഷണാര്‍ഥം കഴിഞ്ഞ ഒരു വര്‍ഷമായി ഈ രീതി നടപ്പാക്കിയിട്ടുണ്ട്. മെയ് ആദ്യത്തോടെ കുവൈത്തിലെ എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലും ഈ നിയമം പ്രാബല്യത്തിലാകുമെന്നാണ് സൂചന.
കുവൈത്തിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ മൂന്ന് ഷിഫ്റ്റുകളായിട്ടാണ് നഴ്‌സുമാരുടെ ജോലി ക്രമീകരിച്ചിട്ടുള്ളത്. രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയും ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെയും രാത്രി 10 മുതല്‍ രാവിലെ ഏഴുമണിവരെയുമാണ് ഇത്.