കുവൈത്ത് സിറ്റി: നഴ്സിങ് റിക്രൂട്ട്മെന്റ് നിയമങ്ങള്‍ മാറുന്ന സാഹചര്യത്തില്‍ സ്വകാര്യ ഏജന്‍സികള്‍ നേരത്തെ കുവൈത്തിലേക്ക് കയറ്റിവിട്ടിരുന്ന നേഴ്‌സുമാരെ പണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. ഏപ്രില്‍ 30 മുതല്‍ കുവൈത്തിലേയ്ക്കുളള റിക്രൂട്ടിങ് നിരോധനം നിലവില്‍ വരുന്നതിന് മുമ്പ് കയറ്റിവിട്ട നേഴ്‌സുമാരെ കൊച്ചിയിലെ ഏജന്‍സിയുടെ ആളുകള്‍ തടവില്‍ പാര്‍പ്പിച്ച് പണം ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ പരാതിപ്പെടുന്നു.
കഴിഞ്ഞ മാസം അവസാനവും ഈ മാസവുമായാണ് നാനൂറോളം നേഴ്‌സുമാരെ കൊച്ചിയിലെ പ്രമുഖ ഏജന്‍സി കുവൈത്തിലേയ്ക്ക് കൊണ്ടു പോയത്. അവിടെയെത്തി ജോലിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് പണം നല്‍കിയാല്‍ മതിയെന്നായിരുന്നു കരാര്‍. അഡ്വാന്‍സ് എന്ന നിലയില്‍ ഇവരില്‍നിന്ന് കമ്പനി പണവും കൈപ്പറ്റിയിരുന്നു. അമ്പതിനായിരം മുതല്‍ 5 ലക്ഷംവരെ അഡ്വാന്‍സ് നല്‍കി കയറിപ്പോയവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്.
മുപ്പതാംതീയതി കഴിഞ്ഞാല്‍ പിന്നെ പണം വാങ്ങിയുള്ള നിയമനം നടക്കില്ലെന്ന് അറിയാവുന്ന കമ്പനി നേരത്തെ റിക്രൂട്ടിങ് നടത്തി പേപ്പര്‍ റെഡിയായിരുന്നവരെയാണ് കയറ്റിവിട്ടത്. പുതിയ സര്‍ക്കാര്‍ ഉത്തരവിനെക്കുറിച്ചറിഞ്ഞ നേഴ്‌സുമാര്‍ പലരും ഇതോടെ മുടക്കിയ പണം തിരികെ ചോദിക്കാനും തുടങ്ങിയിരുന്നു. ഇതോടെയാണ് പണത്തിന്റെ കാര്യത്തില്‍ പ്രശ്‌നമില്ല, ഇപ്പോള്‍ പോയില്ലെങ്കില്‍ പിന്നത്തെകാര്യം എന്നുനടക്കുമെന്ന് പറയാന്‍ പറ്റില്ലെന്ന്‍ പറഞ്ഞാണ് നേഴ്‌സുമാരെ കയറ്റി വിട്ടത്. പിന്നീടുള്ള നിയമനം സര്‍ക്കാര്‍ കാര്യം ആയതിനാല്‍ നേഴ്സുമാരും അത് വിശ്വസിച്ചു .
പണം അവിടെയെത്തി ജോലി ചെയ്ത് ഉണ്ടാകുന്ന മുറയ്ക്ക് കുവൈത്തില്‍ തങ്ങളുടെ ആളുകളെ ഏല്‍പ്പിച്ചാല്‍ മതിയെന്ന്‍ ഉറപ്പ് പറഞ്ഞിരുന്നു. പല മാതാപിതാക്കളും അപ്പോള്‍ വലിയതുക സംഘടിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഏജന്‍സിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നേഴ്‌സുമാര്‍ കുവൈത്തിലെത്തിയതോടെ ഏജന്‍സിയുടെ രീതിയും സംസാരവും മാറി. മാത്രമല്ല കുവൈത്തില്‍ എത്തിക്കഴിഞ്ഞാല്‍ മിനിസിട്രിയില്‍ നടത്താനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ അഡ്വാന്‍സ് കിഴിച്ചുള്ള മുഴുവന്‍ പണവും നല്‍കണമെന്നായി ഏജന്‍സിയുടെ പ്രതിനിധിയുടെ നിലപാട്.
പണം നല്‍കുന്നതു വരെ ഇവരെ ഏജന്‍സിയുടെ കീഴിലുള്ള ഒരു താമസസ്ഥലത്തേയ്ക്ക് മാറ്റുകയും ചെയ്തു. ഒരു മുറിയില്‍ ആറും ഏഴും പേരെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. വാടക ഇനത്തില്‍ ഇവരില്‍ നിന്നും 75 ദിനാര്‍ ഇവര്‍ കൈപ്പറ്റുന്നുമുണ്ട്. ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഇവരുടെ താമസസ്ഥലത്ത് പരിമിതമാണ്.
പണം കൊടുത്തില്ലെങ്കില്‍ കുവൈറ്റിലെ നടപടി ക്രമങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും പരാതി പറഞ്ഞാല്‍ ജയിലിലാക്കുമെന്നും ഏജന്റിന്റെ പ്രതിനിധി നേഴ്‌സുമാരെ ഭീഷണിപ്പെടുത്തുകയാണ്. കോട്ടയം സ്വദേശിയായ വര്‍ക്കി എന്നയാളാണ് കൊച്ചിയിലെ ഏജന്‍സിക്കുവേണ്ടി കുവൈത്തിലെത്തിയ നേഴ്‌സുമാരെ ഭീക്ഷണിപ്പെടുത്തുന്നത്.
എംബസിയിലും കുവൈറ്റ് മിനിസ്ട്രിയിലും തനിക്ക് നല്ല സ്വാധീനമാണെന്നും പരാതി കൊടുത്ത് രക്ഷപെടാന്‍ നോക്കരുതെന്നുമാണ് വര്‍ക്കിയുടെ ഭീഷണിയത്രെ. മാത്രമല്ല 45 ദിവസത്തിനുള്ളില്‍ പണം അടച്ച് പേപ്പറുകള്‍ ശരിയാക്കിയില്ലെങ്കില്‍ ഇവരെ തിരിച്ചയക്കുമെന്നും വര്‍ക്കി ഭീക്ഷണിപ്പെടുത്തിയത്രേ . തിരികെ അയക്കാന്‍ നേഴ്സുമാരുടെ പേരില്‍ കള്ളക്കേസ് ഉണ്ടാക്കുമെന്നാണ് ഇയാളുടേ മറ്റൊരു ഭീക്ഷണി.
ഇതോടെ ആകെ പരിഭ്രാന്തിയിലും ആശങ്കയിലുമായ നേഴ്‌സുമാര്‍ നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. നഴ്‌സിങ്ങ് റിക്രൂട്ടിന്റെ കാര്യത്തില്‍ കുവൈത്ത് അധികൃതരുമായി ചര്‍ച്ച നടത്താന്‍ ഇപ്പോള്‍ കുവൈത്തില്‍ എത്തിയിട്ടുള്ള കേരള സര്‍ക്കാരിന്റെയും നോര്‍ക്കയുടെയും പ്രതിനിധികള്‍ ഈ നേഴ്‌സുമാരുടെ വിഷയത്തില്‍ ഇടപെടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
പണം പിന്നീട് മതിയെന്ന് പറഞ്ഞതുകൊണ്ട് മാത്രം മക്കളെ അയച്ച രക്ഷിതാക്കള്‍ക്ക് പെട്ടെന്ന് ഇത്ര വലിയ തുക ഏജന്‍സി ആവശ്യപ്പെടുമ്പോള്‍ അത് പെട്ടെന്ന്‍ നല്‍കാനുള്ള ശേഷിയുമില്ല . അതിനാല്‍ കുവൈത്തിലെ സന്നദ്ധസംഘടനകളെയും കേരളത്തിന്റെ പ്രതിനിധികളെയും എംബസിയെയും ഇടപെടുത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.