പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പെണ്‍കുട്ടിയുടെ ആധാര്‍ ബന്ധുക്കള്‍ ഒളിപ്പിച്ചു, പ്രായപൂര്‍ത്തിയായില്ലെന്ന രേഖ വ്യാജമെന്ന് പ്രതിയുടെ ബന്ധുക്കള്‍

ഓച്ചിറയില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന രേഖ വ്യാജമെന്ന് പ്രതി റോഷന്റെ ബന്ധുക്കള്‍. പെണ്‍കുട്ടിയുടെ ആധാര്‍ ബന്ധുക്കള്‍ ഒളിപ്പിച്ചെന്നാണ് ആരോപണം.

രേഖ വ്യാജമാണെന്ന് കാണിച്ച് പ്രതിയുടെ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കി. അതേസമയം, സ്‌കൂള്‍ രേഖയില്‍ പെണ്‍കുട്ടിയുടെ ജനനതീയതി 17.9.2001 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയായ മുഹമ്മദ് റോഷനെതിരെ ചുമത്തിയ പോക്സോ കേസ് നിലനില്‍ക്കുമെന്നാണ് പറയുന്നത്.

Loading...

ഈ മാസം 18ന് രാത്രി പെണ്‍കുട്ടിയെയും കൊണ്ട് റോഷന്‍ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് പോയി. പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കി അവിടെനിന്നും രാജസ്ഥാനിലേക്ക് പോയി. അതിനുശേഷം മഹാരാഷ്ട്രയിലുമെത്തി. തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തിലെ മൂന്നുപേരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

ഓച്ചിറ പായിക്കുഴി കുറ്റിത്തറയില്‍ അനന്തു (21 ), ചങ്ങന്‍കുളങ്ങര തണ്ടാശേരി തെക്കതില്‍ വിപിന്‍ (18), മേഴൂത്തറയില്‍ പ്യാരി (19) എന്നിവരെയാണ് കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തത്. പോക്സോ, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.