ഒമാനില്‍ നിന്ന് നഴ്‌സുമാര്‍ക്ക് പിന്നാലെ ഡോക്ടര്‍മാരെയും ഒഴിവാക്കുന്നു; സ്‌പെഷാലിറ്റി ഡോക്ടര്‍മാര്‍ രാജിവെച്ച് നാട്ടിലേക്ക് മടങ്ങിത്തുടങ്ങി.

കൊച്ചി: ഒമാനില്‍ നിന്ന് നഴ്‌സുമാര്‍ക്ക് പിന്നാലെ ഡോക്ടര്‍മാരെയും ഒഴിവാക്കുന്നു. സ്‌പെഷാലിറ്റി ഡോക്ടര്‍മാരും രാജിവെച്ച് നാട്ടിലേക്ക് മടങ്ങിത്തുടങ്ങി.  മലയാളികളുടെ നേരിയ പ്രതീക്ഷയും അസ്ഥാനത്താക്കി ഒമാനില്‍ കൂടുതല്‍ വിദേശി നഴ്‌സുമാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. 250ലേറെ വിദേശി നഴ്‌സുമാരെ പിരിച്ചുവിടാനുള്ള രണ്ടാം ഘട്ട പട്ടിക തയ്യാറായതാണ് സൂചനകള്‍. ആദ്യഘട്ടത്തില്‍ 300ലേറെ നഴ്‌സുമാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു. നഴ്‌സുമാര്‍ക്ക് പിന്നാലെ ഏതാനും വിദേശി ഡോക്ടര്‍മാരെ ഒഴിവാക്കാനും ആരോഗ്യ മന്ത്രാലയം നടപടികള്‍ തുടങ്ങിയതായി സൂചനയുണ്ട്. ദന്ത ഡോക്ടര്‍മാരെയാണ് ആദ്യ ഘട്ടത്തില്‍ ഒഴിവാക്കുന്നത്. ജോലി അത്ര സുരക്ഷിതമാകില്ലെന്ന് കണ്ട് മലയാളികളായ ചില നഴ്‌സുമാരെ പിരിച്ചുവിടല്‍ പ്രശ്‌നത്തില്‍ മലയാളികള്‍ക്കുള്ള ആശങ്ക കൂടിക്കൊണ്ടിരിക്കെ അടുത്ത ദിവസം ഒമാനില്‍ ആസ്​പത്രി അധികൃതരുടെ ഒരു സുപ്രധാന യോഗം നടക്കുന്നുണ്ട്. പ്രമുഖ ആസ്​പത്രികളിലെ നിയമോപദേഷ്ടാക്കളും ഡയറക്ടര്‍മാരും പങ്കെടുക്കുന്ന യോഗത്തില്‍ ഗ്രാറ്റ്വിറ്റി സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമുണ്ടായേക്കുമെന്ന് കരുതുന്നു. 12 വര്‍ഷത്തെ മാത്രം ആനുകൂല്യം നല്‍കി പിരിച്ചുവിടുന്നു എന്നാണ് വിദേശി നഴ്‌സുമാരുടെ പ്രധാന പരാതി. ഇതില്‍ 15 മുതല്‍ 25 വരെ വര്‍ഷം സേവന പരിചയമുള്ള മലയാളി നഴ്‌സുമാരുമുണ്ട്. ഓപ്പറേഷന്‍ തീയേറ്റര്‍, ലേബര്‍ റൂം എന്നിങ്ങനെയുള്ള സുപ്രധാന വിഭാഗങ്ങളില്‍ മാത്രം പരിചയസമ്പന്നരായ നഴ്‌സുമാരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ ഒഴിവാക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതി.

രാജ്യത്ത് നിതാഖാത് നടപ്പാക്കുന്നതിന്റെ ഭാഗമായി വിദേശികളായ ദന്ത ഡോക്ടര്‍മാരെ പൂര്‍ണമായി ഒഴിവാക്കാനാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം നടപടി തുടങ്ങിയിരിക്കുന്നത്. ഒമാന്‍ ഡെന്റല്‍ കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ സ്വദേശികള്‍ ഏറിവരുന്ന സാഹചര്യത്തിലാണ് വിദേശികളെ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന ഒമാനികളും കൂടി വരുന്നു. ഒമാനിലെ സര്‍ക്കാര്‍ ആസ്​പത്രികളില്‍ ജോലിചെയ്യുന്ന വിദേശി ഡോക്ടര്‍മാരുടെ വേതനത്തില്‍ കുറവ് വരുത്തിയതും പ്രവാസികള്‍ക്ക് തിരിച്ചടിയായി. ചില മലയാളി ഡോക്ടര്‍മാര്‍ക്ക് വേതനത്തില്‍ 100 മുതല്‍ 300 വരെ റിയാല്‍ കുറച്ചു. നിതാഖാതിന്റെ അടുത്ത ഘട്ടത്തില്‍ വിദഗ്ധ ഡോക്ടര്‍മാരെയും ഒമാന്‍ ആരോഗ്യ മന്ത്രാലയം ലക്ഷ്യംവെയ്ക്കുന്നു. യോഗ്യതയുള്ള സ്വദേശികള്‍ കുറവായ സാഹചര്യത്തില്‍ വിദഗ്ധരായ വിദേശി ഡോക്ടര്‍മാര്‍ക്കെതിരായ നടപടികള്‍ തത്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്നാണ് സൂചനകള്.