ഒബാമ & ബാൻ കി മൂൺ

ന്യൂയോർക്ക് ∙ തമാശകൾ പൊട്ടിച്ചും ഓർമകൾ പങ്കുവച്ചും പരസ്പരം നല്ല വാക്കുകൾ ചൊരിഞ്ഞും യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂണും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും. ആ സ്ഥാനങ്ങളിലിരുന്നുള്ള അവരുടെ അവസാന ഉച്ചവിരുന്നായിരുന്നു ഇന്നലെ യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായി നടന്നത്.

ബറാക് ഒബാമ അടുത്ത ജനുവരി 20നു പ്രസിഡന്റ് സ്ഥാനമൊഴിയും. നവംബറിൽ നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിൽ ജയിക്കുന്നയാൾ ജനുവരിയിലാണു സ്ഥാനമേൽക്കുക. ബാൻ കി മൂണിന്റെ സെക്രട്ടറി ജനറൽ സ്ഥാനം ഡിസംബർ 31ന് അവസാനിക്കും. ഏതാണ്ട് ഒരേ സമയത്ത് ഇരുവരും സ്ഥാനമൊഴിയുമെന്നർഥം.

Loading...

ഉച്ചവിരുന്നിനു മുന്നോടിയായി പ്രസംഗിക്കവേ ബാൻ കി മൂൺ ഒബാമയെ നോക്കി പറഞ്ഞു, ‘ആദ്യമായാണ് യുഎൻ മേധാവിയും യുഎസ് മേധാവിയും 20 ദിവസത്തെ ഇടവേളയിൽ വിരമിക്കുന്നത്. മിസ്റ്റർ പ്രസിഡന്റ്, നമുക്കെന്തെങ്കിലും പണി കണ്ടുപിടിക്കണം!’ ഗോൾഫും ബാസ്കറ്റ്ബോളും നന്നായി കളിക്കുന്ന ഒബാമയെ മൂൺ വെല്ലുവിളിക്കുകയും ചെയ്തു, ‘ഗോൾഫിൽ ഒരു കൈ നോക്കാൻ ഞാൻ വെല്ലുവിളിക്കുന്നു. പക്ഷേ, ബാസ്കറ്റ്ബോൾ കളിക്കാൻ എന്നെ തിരിച്ചു വെല്ലുവിളിക്കരുത്. എനിക്കൊരു പിടിയുമില്ല!’

ബാൻ കി മൂണിന്റെ വെല്ലുവിളി ഏറ്റെടുക്കുന്ന കാര്യമൊന്നും പറഞ്ഞില്ലെങ്കിലും ഒബാമ അദ്ദേഹത്തെ അഭിനന്ദനങ്ങൾ കൊണ്ടു മൂടി. ബാൻ കി മൂൺ ദക്ഷിണ കൊറിയൻ പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിക്കുമെന്ന് അഭ്യൂഹമുണ്ട്. മുൻപ് അവിടെ മന്ത്രിയായിരുന്നു അദ്ദേഹം. ഒബാമയുടെ ഭാവി പരിപാടിയെന്തെന്ന് ഇതുവരെ വ്യക്തതയില്ല.