മോഡിയെ ഫോണില്‍ വിളിച്ച് ഒബാമ നന്ദി അറിയിച്ചു

വാഷിംഗ്ടണ്‍: വൈറ്റ്ഹൗസിന്റെ പടിയിറങ്ങും മുമ്പ് ബരാക് ഒബാമ ഫോണില്‍ വിളിച്ച ലോക നേതാക്കളുടെ കൂട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉള്‍പ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനു നല്‍കിയ പരിശ്രമങ്ങള്‍ക്ക് മോഡിയെ അദ്ദേഹം നന്ദി അറിയിച്ചതായി വൈറ്റ്ഹൗസ് വെളിപ്പെടുത്തി. പ്രതിരോധം, സിവില്‍ ന്യൂക്ലിയര്‍ എനര്‍ജി, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയിലുണ്ടായ വലിയ പുരോഗതി ഇരു നേതാക്കളും പങ്കുവച്ചു.
2015 ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കാര്യം അനുസ്മരിച്ച ഒബാമ അടുത്ത വരുന്ന റിപ്പബ്ലിക് ദിനത്തിന് എല്ലാ ആശംസയും നേര്‍ന്നു. ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി ഉയര്‍ത്താന്‍ അമേരിക്ക സന്നദ്ധമായതും, സാമ്പത്തിക മേഖലയില സഹകരണവും, കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തന്ന വെല്ലുവിളുകളുമൊക്കെ നേതാക്കളുടെ സംഭാഷണത്തില്‍ കടന്നു വന്നു.
പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആദ്യം അഭിനന്ദിച്ച ലോക നേതാക്കളിലൊരാളായ ഒബാമയുമായി പിന്നീട് വ്യക്തിപരമായ അടുപ്പം വളര്‍ത്തിയെടുക്കാന്‍ മോഡിക്കു കഴിഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ എട്ടു തവണ ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തി എന്നിതില്‍ നിന്നു തന്നെ ഈ അടുപ്പം വ്യക്തമാണ്. ഇന്ത്യയിലെയും, അമേരിക്കയിലെയും നേതാക്കള്‍ തമ്മില്‍ ഇത്തരലുള്ള കൂടിക്കാഴ്ചകള്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ കാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് നിഷ ദേശായി ബിസ്വാള്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വളര്‍ത്തുന്നതിനും ഈ അടുപ്പം സഹായകമായി.