ജോസ് മാധവപ്പള്ളി ഓര്‍മ്മയായി, സംസ്‌കാരം ഏപ്രില്‍ 2-ന്

ന്യൂപോര്‍ട്ട് റിച്ചി, ഫ്‌ളോറിഡ: ജീവിതമെന്ന മണ്‍ചിരാതിന്റെ ഇത്തിരിപ്പോന്ന വെളിച്ചം കെടുത്തിക്കൊണ്ട് ജോസുചേട്ടന്‍ യാത്രയായി.

കാല്‍ നൂറ്റാണ്ടുകാലത്തോളം പൊതുജീവിതത്തിന്റെ മേല്‍വിലാസമായിരുന്നു ജോസ് മാധവപ്പള്ളി. ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ? വിചാരവഴികള്‍ ഭൂതകാലത്തിന്റെ ആഴങ്ങളിലേക്ക് കടിഞ്ഞാണില്ലാതെ പായുകയാണ്. മരണത്തിന്റെ കൈവിടുവിച്ച് ജീവിതത്തിലേക്ക് മെല്ലെ തിരിച്ചുവരികയായിരുന്നു അദ്ദേഹം.

Loading...

വലിയനോമ്പിന്റെ അവസാന ആഴ്ച. പീഡാനുഭവത്തിനുശേഷം ഉയിര്‍പ്പാണ് വരുന്നത്. പുനരുദ്ധാനത്തിന്റെ ആഘോഷം. എല്ലാ പ്രതീക്ഷകള്‍ക്കും വിരാമമിട്ടുകൊണ്ട് ഒരു പൂവ് കൊഴിയുംപോലെ മാധവപ്പള്ളി നമ്മോട് എന്നന്നേയ്ക്കുമായി വിടപറഞ്ഞു. ചികിത്സയ്ക്കായി എത്തിയപ്പോള്‍ സുഹൃത്തുക്കളും ബന്ധുക്കളും സദാ പ്രാര്‍ത്ഥനയിലായിരുന്നു.

എക്കാലത്തും പൂതുജീവിതത്തിലെ നിറസാന്നിധ്യമായിരുന്നു എങ്കിലും സാധാരണക്കാരനിലെ അതിസാധാരണത്വം ആയിരുന്നു എനിക്കിഷ്ടപ്പെട്ട അദ്ദേഹത്തിലെ വേറിട്ട വ്യക്തിത്വം. പകര്‍ന്നു നല്‍കിയതത്രയും പറഞ്ഞറിയിക്കാന്‍ വയ്യാത്തത്ര സ്‌നേഹമായിരുന്നു.

അന്ത്യംവരെ ശാന്തരൂപിയായി ജീവിച്ച് ഹൃദയത്തിന്റെ നൈര്‍മല്യം കെടാതെ സൂക്ഷിച്ച മനുഷ്യന്‍. പേര് ചൊല്ലി വിളിക്കുമ്പോഴുള്ള ആ പ്രത്യേക ചാരുത ‘ബാബുവേ, സജിയേ, നാരായണന്‍കുട്ട്യേ…’ ആ വിളിയില്‍ ഒരു പതിഞ്ഞ വാത്സല്യം ഉണ്ടായിരുന്നു.

ഫിലാഡല്‍ഫിയയിലെ വാലി കണ്‍വന്‍ഷനിലെ ഒരു രംഗം ഓര്‍മ്മവരുന്നു. എലിവേറ്ററില്‍ നിന്നും ഇറങ്ങുന്നിതിനിടെ പെട്ടെന്ന് കൗതുകത്തോടെ ഞാന്‍ ചോദിച്ചു ‘ങ്ഹാ, വോളിബോള്‍ ട്രോഫി ഫ്‌ളോറിഡയിലേക്ക് തന്നെ കൊണ്ടുവരുമോ അതോ?’ ആദരവോടെയായിരുന്നു അപ്പോഴും മറുപടി ‘ഓടുന്നവര്‍ക്കെല്ലാം കപ്പ് കിട്ടുന്നില്ലല്ലോ. നമുക്ക് ശ്രമിക്കാം’. ഗ്രൗണ്ട് സപ്പോര്‍ട്ടിനു കൂടെ വരാന്‍ ഒപ്പം ക്ഷണിച്ചിട്ട് കാണികളില്‍ ഒരാളായി മറഞ്ഞു.

അടുത്ത ദിവസത്തെ പ്രോഗ്രാമിനു കാണാഞ്ഞതിനാല്‍ വിവരം തിരക്കി സ്യൂട്ട് റൂമില്‍ ചെന്നു. കുശലാന്വേഷണം നടത്തി ‘എന്തേ താഴേയ്ക്ക് വന്നില്ല?’ ചിരി വിടാതെയുള്ള മറുപടി പെട്ടെന്നായിരുന്നു. ‘എല്ലാം തീരുമാനിക്കുന്നത് മുകളിലല്ലേ?’ ആ ചിരിയില്‍ പരിഭവം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. രോഗത്തിന്റെ പിടിയിലാണെന്നും അതറിഞ്ഞിട്ടും പുറത്താരോടും പറയാതിരിക്കുകയാണെന്നും അറിഞ്ഞില്ല.

മാസങ്ങള്‍ക്കുശേഷം മാധവപ്പള്ളിയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു എന്ന് സുഹൃത്തുക്കള്‍ വഴി അറിയുകയും ഗുരുതരാവസ്ഥ മനസിലാക്കുകയും ചെയ്തപ്പോഴാണ് ‘തീരുമാനിക്കുന്നത് മുകളീന്നല്ലേ’ എന്ന വാക്കിന്റെ ആഴവും പരപ്പും മനസില്‍ തെളിഞ്ഞത്.

ഒരുമാസം മുമ്പ് ന്യൂപോര്‍ട്ട് റിച്ചിയിലെ വീട്ടില്‍ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചു. മൂന്നു മണിക്കൂറോളം സംസാരിച്ചു. ഒത്തിരി ഒത്തിര കാര്യങ്ങള്‍ പറഞ്ഞു. എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു. സ്വന്തം കൈകൊണ്ട് ചായ ഉണ്ടാക്കിയാണ് സത്കരിച്ചത്. ‘സജിയേ ഇനിയും വരണേ…’ എന്നോര്‍മ്മിപ്പിച്ചു. വരാമെന്ന് വാക്കുകൊടുത്തു. പക്ഷെ…ഒരാള്‍ വാക്കുപാലിച്ചില്ല. വിധിക്കപ്പെട്ടതോ- ചരമക്കുറിപ്പെഴുതാനും; പ്രിയ ജോസേട്ടാ പ്രണാമം…..

Josemadavappally_pic3
\്യൂപോര്‍ട്ട് റിച്ചി, ഫ്‌ളോറിഡ: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും, താമ്പാ ബേ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും ആയിരുന്ന ജോസ് മാധവപ്പള്ളി (60) നിര്യാതനായി.

നീസ് കണ്‍ട്രിസൈഡ് ആശുപത്രയില്‍ വെച്ചായിരുന്നു അന്ത്യം. കോട്ടയം മാധപ്പള്ളിയില്‍ പരേതനായ എ.കെ. കുര്യാക്കോസിന്റേയും അന്നക്കുട്ടി കുര്യാക്കോസിന്റേയും പുത്രനാണ്.

ഭാര്യ ലീലാമ്മ ജോസ് (മോര്‍ട്ടിന്‍ പ്ലാന്റ് നോര്‍ത്ത് ബേ ഹോസ്പിറ്റല്‍ സ്റ്റാഫ് നേഴ്‌സ്). മക്കള്‍: ജെറിന്‍ മാധവപ്പള്ളി, ജസ്റ്റിന്‍ മാധവപ്പള്ളി.

സഹോദരങ്ങള്‍: ലീലാമ്മ- സുനില്‍ മ്ലാവില തുണ്ടത്തില്‍ (ഇറ്റലി), ജോര്‍ജ്- മിനി മാധവപ്പള്ളില്‍ (താമ്പാ), ആലീസ് – സണ്ണി, മാത്യു – ആന്‍സി മാധവപ്പള്ളില്‍, മോന്‍സി – നിബു മാക്കില്‍ (എല്ലാവരും ഇന്ത്യ).

കെ.സി.സി.എന്‍.എയുടേയും ഫോമയുടേയും പ്രസിഡന്റായിരുന്ന ബേബി ഊരാളിലിന്റെ മാതൃസഹോദരപുത്രനാണ്.

പൊതുദര്‍ശനം ഏപ്രില്‍ 1-ന് ബുധനാഴ്ച 4 മുതല്‍ 6 വരെ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ (2620 വാഷിംഗ്ടണ്‍ റോഡ്, വാല്‍റിക്കോ, ഫ്‌ളോറിഡ 33594), തുടര്‍ന്ന് 6.30 മുതല്‍ 9 വരെ ദിവ്യബലിയും പ്രത്യേക പ്രാര്‍ത്ഥനയും (സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ചര്‍ച്ച് 3920, സൗത്ത് കിംഗ് റോഡ് ബ്രാണ്ടന്‍, ഫ്‌ളോറിഡ 33551).

സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 2-ന് വ്യാഴാഴ്ച 10 മുതല്‍ (ഔവര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ചര്‍ച്ച് – 5340, ഹൈ സ്ട്രീറ്റ്, ന്യൂപോര്‍ട്ട് റിച്ചി, ഫ്‌ളോറിഡ 35652).

അടക്കശുശ്രൂഷയും മന്ത്രയും Curlew Hills Menory Gardens, 1750 Curlew Road, Palm Harbor, Florida 34083, Ph 727 789 2000.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്‌സ് ജോണ്‍ 727 482 3171), ഫ്രാന്‍സീസ് തോമസ് (727 271 7517), ബിനു മാമ്പിള്ളി (941 580 2205), സുനില്‍ മാധവപ്പള്ളി (813 504 2991), സജി കരിമ്പന്നൂര്‍ (813 263 6302).
സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്.