കാഴ്ചതിരിച്ചു കിട്ടാന്‍ മന്ത്രവാദം നടത്തിയ പൂജാരി 2 ലക്ഷം രൂപ തട്ടിയതായി പരാതി

ഓച്ചിറ: പതിനൊന്നു വയസുള്ള പെണ്‍കുട്ടിക്ക് കാഴ്ച ശക്തി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച്‌ മന്ത്രവാദം നടത്തി രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതായി ഡി.വൈ.എഫ്.എെ ക്ലാപ്പന വെസ്റ്റ് മേഖലാ സെക്രട്ടറി രജത് ഓച്ചിറ പൊലീസില്‍ പരാതിനല്‍കി. അതേസമയം, വീട്ടുകാര്‍ പരാതി കൊടുക്കാന്‍ തയ്യാറായില്ല. ആലുംപീടികയിലുള്ള കുടുംബക്ഷേത്രത്തിലെ പൂജാരി ആലുംമുക്ക് സുനാമി കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന പൂജാരി പ്രസാദ് കുട്ടനെതിരെയാണ് പരാതി. തങ്ങളെ സാമൂഹ മാധ്യമങ്ങളില്‍ക്കൂടി അപമാനിച്ചതിന് പരാതി നല്‍കാനൊരുങ്ങുകയാണ് രക്ഷിതാക്കള്‍. ക്ഷേത്രത്തിലെ സന്ദര്‍ശകരായിരുന്നു പുതുപ്പള്ളി സ്വദേശികളായ അമ്മയും മകളും. പിതാവ് വിദേശത്താണ്. കാഴ്ചശക്തി ലഭിക്കുന്നതിനുള്ള ചികിത്സയിലായിരുന്നു പെണ്‍കുട്ടി.

45 ദിവസത്തെ പൂജ നടത്തിയാല്‍ കാഴ്ച ശക്തി ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. 45ാം ദിനമായ ഞായറാഴ്ച നൂറുകണക്കിന് നാട്ടുകാരുടെ സാന്നിദ്ധ്യത്തിലാണ് പൂജ അവസാനിപ്പിച്ചത്. തുടര്‍ന്ന് തന്നെ കാണാമോ എന്ന് പൂജാരി ചോദിച്ചപ്പോള്‍ പെണ്‍കുട്ടി സമ്മതിക്കുകയായിരുന്നു. തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി മാതാവിന് മനസിലായത്. തുടര്‍ന്ന് ഡി.വൈ.എഫ്.എെ നേതാക്കള്‍ ഇടപെട്ടെങ്കിലും മാതാവ് പരാതി നല്‍കാന്‍ വിസമ്മതിച്ചു. പെണ്‍കുട്ടിയെ അപമാനിക്കുന്നരീതിയിലാണ് പടവും വാര്‍ത്തയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്നും ഇത് തങ്ങള്‍ക്ക് അപമാനമാണെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.

Loading...

കാഴ്ച ശക്തി തിരികെ ലഭിക്കുന്ന അത്ഭുത കാഴ്ച കാണാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിപേര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. രാവിലെ ആറുമണിക്കാണ് പൂജകള്‍ ആരംഭിച്ചത്. കണ്ണുകള്‍ മൂടികെട്ടി കുട്ടിയെ പൂജയ്കാകയി ക്ഷേത്രത്തിന് മുന്നില്‍ ഇരുത്തി. ഒപ്പം കുടുംബാംഗങ്ങളെയും ഇരുത്തി. ഉച്ചത്തിലുള്ള മന്ത്രം ചൊല്ലകളും ഭസ്മം എറിയലും വെള്ളം കുടയലുമൊക്കയായി ഉച്ചയ്ക്ക് ഒരു മണിവരെ പൂജകള്‍ നീണ്ടും. പൂജയ്ക്ക് ഒടുവില്‍ കുട്ടിയുടെ അടുത്ത് നിന്ന് തന്നെ കാണാനാകുന്നുണ്ടോ എന്ന് പൂജാരി ചോദിച്ചു. അപ്പോള്‍ കുട്ടി കാണാനാകുന്നുണ്ട് എന്ന് പറഞ്ഞു. മൂന്നു നാലു തവണ തന്നെ കാണാനാകുന്നുണ്ടോ എന്ന് ഇയാള്‍ ചോദിച്ചപ്പോഴും കാണാനാകുന്നുണ്ട് എന്ന് കുട്ടി ആവര്‍ത്തിച്ചു. ഇതോടെ കുട്ടിക്ക് കാഴ്ച ശക്തി ലഭിച്ചു എന്ന് പ്രഖ്യാപിക്കുകയായിരുന്നു. അത്ഭുത പ്രവര്‍ത്തി ചെയ്ത പൂജാരിയെ വണങ്ങാനായി ഭക്തരുടെ തിക്കും തിരക്കായി പിന്നെ.

പൂജയ്ക്ക് ശേഷം വീട്ടിലെത്തി കുട്ടിയോട് സംസാരിച്ചപ്പോഴാണ് പൂജാരി തട്ടിപ്പ് നടത്തിയതാണ് എന്ന് മനസ്സിലായത്. പൂജയ്ക്ക് മുന്‍പ് കുട്ടിക്ക് കണ്ണിന് അടുത്തുള്ളത് കാണാന്‍ കഴിയുമായിരുന്നു. ആ കാഴ്ച ശക്തി മാത്രമേ ഇപ്പോഴും ഉള്ളൂ. ഇതോടെയാണ് ഇക്കാര്യം മാതാവ് നാട്ടുകാരോട് പറഞ്ഞത്. കാഴ്ച ശക്തി കിട്ടാനായി 2 ലക്ഷം രൂപയും കൊടുത്തു എന്ന വിവരവും അപ്പോഴാണ് നാട്ടുകാര്‍ അറിയുന്നത്. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ പൂജാരി വലിയ ക്വട്ടേഷന്‍ അംഗമാണെന്നും തനിക്കും കുട്ടിക്കും ജീവിക്കാന്‍ കഴിയില്ലെന്നും പറയുന്നത്. നാട്ടുകാര്‍ ഇവരോട് കൂടുതല്‍ ചോദിച്ചിട്ടും ഒന്നും വിട്ടു പറയുന്നുമില്ല. ഇതോടെയാണ് ഡിവൈഎഫ്‌ഐ സംഭവത്തില്‍ ഇടപെടുന്നത്.