ഭുവനേശ്വര്‍: ഒഡീഷയില്‍ പത്ത് ബസ് യാത്രക്കാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നാല് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.ബസ് വൈദ്യുതി ലൈനില്‍ തട്ടിയതിനെത്തുടര്‍ന്നായിരുന്നു 10 യാത്രക്കാര്‍ വൈദ്യുതാഘാതമേറ്റും പൊള്ളലേറ്റും മരിച്ചത്. രണ്ട് വകുപ്പുകളിലെ നാല് എഞ്ചിനീയര്‍മാരെയാണ് ഒഡിഷ സര്‍്കകാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
ഊര്‍ജ വകുപ്പിലെയും ഗ്രാമവികസന വകുപ്പിലെയും എന്‍ജിനിയര്‍മാര്‍ക്കെതിരെയാണ് നടപടി. അപകട കാരണം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിനുശേഷം ഊര്‍ജമന്ത്രി ഡി.എസ് മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. ഒഡീഷയിലെ ഗുഞ്ജം ജില്ലയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. 40 യാത്രക്കാര്‍ സഞ്ചരിച്ച ബസ്സാണ് 11 കെ.വി വൈദ്യുതി കമ്പിയില്‍ തട്ടിയത്.
11 അടി ഉയരത്തിലാണ് വൈദ്യുതി ലൈന്‍ സ്ഥാപിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി. 20 അടി ഉയരത്തില്‍ മാത്രമെ 11 കെ.വി ലൈന്‍ സ്ഥാപിക്കാവൂ എന്നാണ് വ്യവസ്ഥ. അപകടകരമായ നിലയിലുള്ള വൈദ്യുതി ലൈനുകള്‍ കണ്ടെത്തുന്നതിനും ഉടന്‍ നടപടി സ്വീകരിക്കുന്നതിനും എന്‍ജിനിയര്‍മാര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകടത്തിന്റെ ഉത്തരവാദികള്‍ ഗതാഗത വകുപ്പാണോ ഊര്‍ജ വകുപ്പാണോ എന്നതിനെച്ചൊല്ലി ഒഡീഷയില്‍ തര്‍ക്കം തുടങ്ങിക്കഴിഞ്ഞു. ഊര്‍ജമന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ റോഡിന്റെ ഉയരം വര്‍ധിപ്പിച്ച ഗ്രാമ വികസന വകുപ്പാണ് അപകടത്തിന്റെ ഉത്തരവാദികളെന്ന് വൈദ്യുതി വിതരണ കമ്പനി ആരോപിച്ചു.
ഗൻജം ജില്ലയിലെ ഗോലന്തറ മേഖലയിൽ ഞായറാഴ്ചയാണ് സംഭവം. വിവാഹനിശ്ചയത്തിനായി ജംഗൽപാലുവിൽനിന്ന് ചികാരദയിലേക്ക് വരികയായിരുന്ന 40 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.ഇടുങ്ങിയവഴിയിലൂടെ പോയ ബസ് ഇരുചക്രവാഹനത്തിന് വഴികൊടുക്കുന്നതിനിടെയാണ് 11 കെ.വി. ലൈനിൽ തട്ടിയത്. ഇതോടെ തീപ്പിടിത്തമുണ്ടായി. ഉടനെ നാട്ടുകാരും അഗ്നിശമനസേനയും സംഭവസ്ഥലത്തെത്തി. വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക് അനുശോചിച്ചു.