നോക്കുകൂലിയായി എട്ടിരട്ടി തുക ചോദിച്ച് തൊഴിലാളികള്‍; ഒടുവില്‍ ‘ഒടിയന്റെ’ പോസ്റ്ററുകളുമായി കടന്നു

തൃശ്ശൂര്‍ : നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ രാഗം തിയറ്ററില്‍ ഇറക്കിയ സിനിമാ പോസ്റ്ററുകളും പ്രചാരണ വസ്തുക്കളും സിഐടിയു തൊഴിലാളികള്‍ കടത്തിക്കൊണ്ടുപോയി. ‘ഒടിയന്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിനു വേണ്ടി എത്തിച്ച നോട്ടീസുകളാണ് കൂലിത്തര്‍ക്കത്തെ സിഐടിയു തൊഴിലാളികള്‍ കടത്തിക്കൊണ്ടുപോയത്. വന്‍ തുക നല്‍കാന്‍ ഉടമകള്‍ വിസമ്മതിച്ചതോടെയാണ് ആദ്യം മടങ്ങിപ്പോയ തൊഴിലാളികള്‍ പിന്നീട് സംഘം ചേര്‍ന്ന് തിരിച്ചെത്തി പോസ്റ്ററുകള്‍ ഉള്‍പ്പെടെ കടത്തിക്കൊണ്ടു പോയത്.

തമിഴ്‌നാട്ടില്‍ നിന്നും ബസില്‍ കൊണ്ടുവന്ന നോട്ടീസ് ഇറക്കിയതിന് കൊറിയര്‍ കമ്പനിക്കാന്‍ കൂലി നല്‍കിയിരുന്നു. പിന്നീട് രാഗം തീയറ്ററില്‍ എത്തിച്ച നോട്ടീസുകള്‍ കൊറിയര്‍ കമ്പനിക്കാര്‍ തന്നെ ഇറക്കിവച്ചു. ഇതിന് കൂലി ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച കൂലിയും നല്‍കി. എന്നാല്‍, എട്ടിരട്ടിയോളം കൂലി കൂടുതല്‍ ചോദിച്ചതോടെ പണം നല്‍കാനാകില്ലെന്ന നിലപാടില്‍ ഉടമ ഉറച്ചു നിന്നു. ഇതോടെ അവിടെ നിന്നും മടങ്ങിയ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് മടങ്ങിയെത്തുകയും നോട്ടീസുകളുമായി വന്ന പെട്ടി ഓട്ടോറിക്ഷ ഡ്രൈവറെ ഭീഷണിപ്പെടുത്തി സാധനങ്ങള്‍ കടത്തിക്കൊണ്ടു പോകുകയുമായിരുന്നു. സംഭവത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Top