അന്തേവാസികളുടെ സ്വര്‍ണാഭരണങ്ങൾ മുക്കുപണ്ടമാകുന്നു… വൃദ്ധ സദങ്ങളിൽ വൻ തട്ടിപ്പ്

വൃദ്ധസദനങ്ങളിലും കെയർഹോമിലും കഴിയുന്നവരുടെ സ്വർണാഭരണങ്ങൾ ജീവനക്കാർ തട്ടിയെടുക്കുന്നു. സാമൂഹിക നീതിവകുപ്പിന് കീഴിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ഓൾഡേജ് ഹോമിലും കെയർ ഹോം ഫോർ ഡിസേബിൾഡ് ചിൽഡ്രൻ എന്ന സ്ഥാപനത്തിലും വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

വൃദ്ധസദനത്തിലെത്തുന്ന അന്തേവാസികളുടെ വിലപിടിപ്പുള്ള വസ്തുക്കളും സ്വർണാഭരണങ്ങളും രേഖകളിൽ ഉൾപ്പെടുത്താറില്ല. അന്തേവാസി മരിക്കുമ്പോൾ അളവിലും തൂക്കത്തിലും കൃത്രിമം കാട്ടി ഇവ തട്ടിയെടുക്കുന്നതായാണ് കണ്ടെത്തൽ.

ഇതിനിടെ ജീവിച്ചിരിക്കുന്ന അന്തേവാസികളുടെ അഞ്ചുപവൻ സ്വർണമാല, രേഖകൾ പ്രകാരം മുക്കുപണ്ടമായി മാറിയതായും കണ്ടെത്തിയിട്ടുണ്ട്. അന്തേവാസികളുടെ സ്വർണം തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്
വിജിലൻസ് .

ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിലും സർക്കാർ ആനുകൂല്യങ്ങൾ അന്തേവാസികൾക്ക് എത്തിക്കുന്നതിലും വീഴ്ച വരുത്തിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ താഴേത്തട്ടിലുള്ള ജീവനക്കാർ മുതൽ ഉയർന്ന ഉദ്യോഗസ്ഥരുടെ വരെ പങ്ക് അന്വേഷിക്കും.