കണ്ണൂരിലേക്ക് ഒമാൻ എയറും, വലിയ വിമാനങ്ങളും

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് തുടങ്ങാൻ തയ്യാറെന്ന് ഒമാൻ ഏയർ. വിമാനത്താവളം അധികൃതരുമായി ചർച്ച പൂർത്തിയായെന്നും സർക്കാരിന്റെ അനുമതി കാക്കുകയാണെന്നും ഒമാൻ ഏയർ പറഞ്ഞു. 1993 തിരുവന്തപുരത്ത് നിന്നാണ് ഒമാൻ ഏയർ സർവ്വീസ് ആരംഭിച്ചത്. നിലവിൽ 11 സ്ഥലങ്ങളിൽ നിന്നും രാജ്യത്ത് ഒമാൻ ഏയർ സർവ്വീസ് നടത്തുന്നുണ്ട്. നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കും ഷാർജയിലേക്കും ദോഹയിലേക്കുമാണ് അന്താരാഷ്ട്ര സർവ്വീസുകളുള്ളത്.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ജനുവരിയിൽ കൂടുതൽ വിമാന കമ്പനികൾ സർവീസ് തുടങ്ങും. ജെറ്റ് എയർലൈൻസ്, ഇൻഡിഗോ എയർലൈൻസ് എന്നിവയാണ് ആദ്യം സർവീസ് ആരംഭിക്കുക. ജനുവരി 25 മുതൽ ഇൻഡിഗോ പ്രതിദിന ആഭ്യന്തര സർവീസ് നടത്തും. ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹുബ്ലി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ ഇൻഡിഗോ പ്രതിദിന സർവീസ്. മാർച്ചോടെ രാജ്യാന്തര സർവീസും ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞുമാർച്ചിൽ ജെറ്റ് എയർലൈൻസും സർവീസ് ആരംഭിക്കും.

ആഭ്യന്തര സർവീസും രാജ്യാന്തര സർവീസും ഉണ്ടായിരിക്കും. ഗോ എയറിനു ഗൾഫ് സർവീസിന് അനുമതി ലഭിച്ചിട്ടുണ്ട്. മസ്കത്തിലേക്കു ജനുവരി 1നു സർവീസ് തുടങ്ങാനാവുമെന്നാണു പ്രതീക്ഷ. അബുദാബി, ദമാം എന്നിവിടങ്ങളിലേക്കും ജനുവരിയിൽ സർവീസ് ഉണ്ടാവും. കുവൈറ്റ്, ദോഹ സർവീസുകൾക്കു കേന്ദ്രത്തിന്റെ അനുമതി കാത്തിരിക്കുകയാണെന്നും ഗോ എയർ പ്രതിനിധി പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസിനോട് ആഭ്യന്തര സർവീസ് നടത്താൻ വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരിയിൽ ഡൽഹിയിൽ നിന്നു കണ്ണൂരിലേക്കാകും ആദ്യ സർവീസ്. എയർ ഇന്ത്യയുടെ വലിയ വിമാനങ്ങൾ കണ്ണൂരിൽ നിന്നു സർവീസ് തുടങ്ങാനും പദ്ധതിയുണ്ട്.

Top