ബൂസ്റ്റർ ഡോസിന്റെ ഇടവേള കുറച്ച് ഒമാൻ; കാലാവധി ആറ് മാസം

മസ്‌കത്ത്: ബൂസ്റ്റർ ഡോസിന്റെ ഇടവേള കുറച്ച് ഒമാൻ ആരോ​ഗ്യ മന്ത്രാലയം. ബൂസ്റ്റർ ഡോസിന്റെ കാലാവധി ആറു മാസമാണ്. കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചതിന് ശേഷം എട്ട് മാസത്തിന് ശേഷമാണ് ഒമാനിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകിയിരുന്നത്. എന്നാൽ പുതിയ തീരുമാന പ്രകാരം വാക്‌സിൻ കുത്തിവെയ്‌പ്പെടുത്ത് ആറു മാസം പൂർത്തിയായവർക്ക് വാക്‌സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്. 65 വയസിന് മുകളിൽ പ്രായമുള്ളവർ. അമ്പത് വയസിന് മുകളിൽ പ്രായമുള്ള ആരോഗ്യ പ്രവർത്തകർ, മറ്റു മുൻനിര പ്രവർത്തകർ, പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ.

ഗുരുതരമായ ശ്വാസകോശസംബന്ധമായ അസുഖങ്ങൾ, കിഡ്‌നി രോഗങ്ങൾ, കരൾ സംബന്ധമായ അസുഖങ്ങൾ, അമിതവണ്ണം മുതലായ ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കാണ് നിലവിൽ ഈ വിഭാഗത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്. ക്യാൻസർ ചികിത്സ തേടുന്നവർ, മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്തിട്ടുള്ളവർ, അവയവമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടുള്ളവർ, എച്ച്ഐവി ബാധിതർ, രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളിൽ പെടുന്ന 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക്, രണ്ടാം ഡോസ് സ്വീകരിച്ച് 3 മാസത്തിന് ശേഷം ബൂസ്റ്റർ ഡോസിന് അർഹത നൽകുമെന്നും മന്ത്രാലയം അറിയിച്ചു.

Loading...