ഒമര്‍ അബ്ദുള്ളയെ തടങ്കലിലാക്കിയെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും;ഹര്‍ജി നല്‍കിയത് സഹോദരി സാറാ

ദില്ലി: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെ അന്യായമായി തടങ്കലിലാക്കിയെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. പൊതുസുരക്ഷാ നിയമം ചുമത്തി ഒമർ അബ്ദുള്ളയെ തടങ്കലിലാക്കിയതിനെ ചോദ്യം ചെയ്ത് സഹോദരി സാറാ അബ്ദുള്ള പൈലറ്റാണ് ഹർജി സമർപ്പിച്ചത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുക്കളഞ്ഞതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും എം.പിയുമായ ഫാറൂഖ് അബ്ദുള്ളയെയും മകൻ ഒമർ അബ്ദുള്ളയെയും വീട്ടുതടങ്കലിലാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം ശന്തനഗൗ‍ഡർ കേസ് വാദം കേള്‍ക്കലില്‍ നിന്ന് പിന്മാറിയിരുന്നു. കാരണം വ്യക്തമാക്കാതെയായിരുന്നു പിന്മാറ്റം. കേന്ദസർക്കാറിന്‍റെ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായാണ് ഒമർ അബ്ദുള്ളയെ തടവിലാക്കിയിരിക്കുന്നതെന്നാണ് ഹർജിയിലെ ആരോപണം.കാശ്മീർ പുനസംഘടനക്ക് ശേഷം കഴിഞ്ഞ ആഗസ്റ്റ് അഞ്ച് മുതലാണ് ഒമർ അബ്ദുള്ള അടക്കമുള്ള നേതാക്കളെ സർക്കാർ തടവിലാക്കിയത്.

Loading...

ഒമര്‍‌ അബ്ദുള്ള രാജ്യത്തിന് യാതൊരു തരത്തിലും ഭീഷണിയല്ലെന്നും ക്രമസമാധാന ഭീഷണിയില്ലെന്നും സാറ ഹരജിയില്‍ പറയുന്നു. എപ്പോഴും സമാധാനത്തിനു വേണ്ടി വാദിക്കുന്നയാളാണ് അദ്ദേഹമെന്നും ഹരജി പറയുന്നുണ്ട്. കൂടാതെ, 1978ലെ പൊതുസുരക്ഷാ നിയമം അനുസരിച്ച് പുതിയ വകുപ്പുകള്‍ ഒമറിനെതിരെ ചുമത്തിയതും സാറ ചോദ്യം ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പൊതുജനത്തെ ഇളക്കിവിട്ടെന്നാണ് കേന്ദ്രത്തിന്റെ ആരോപണം.കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തപ്പോള്‍ ഒമര്‍ ‘വൃത്തികെട്ട രാഷ്ട്രീയം’ കളിച്ചുവെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ പുതിയ വകുപ്പുകള്‍ കൂടി
ചാര്‍ത്തിയിട്ടുള്ളത്. എന്നാല്‍ ഇതിന് എന്ത് തെളിവാണുള്ളതെന്ന ചോദ്യം സാറയുടെ ഹരജി ഉന്നയിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തപ്പോള്‍ സമാധാനം പാലിക്കണമെന്നായിരുന്നു ഒമര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തതെന്നും അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ ഇതിന് തെളിവാണെന്നും സാറ പറയുകയുണ്ടായി.

പൊതുജനത്തെ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നിര്‍ത്തുവാനുള്ള ശേഷിയാണ് ഒമറിന്റെ തടങ്കലിനെ ന്യായീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഉയര്‍ന്ന തോതില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാലത്തും ഒമറിന് വലിയ തോതില്‍ വോട്ട് നേടാന്‍ കഴിഞ്ഞിരുന്നെന്ന് സര്‍ക്കാര്‍ പറയുന്നു. ഈ സ്വാധീനം ഭീഷണിയാണെന്നാണ് കേന്ദ്രത്തിന്റെ വാദം.കോണ്‍ഗ്രസ്സും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസ്സും അടക്കമുള്ള സംഘടനകള്‍ ഒമറിനെ അന്യായമായി തടങ്കലില്‍ വെച്ചതിനെതിരെ രംഗത്തുണ്ട്. ഒമറിന്റെ ഏറ്റവുംപുതിയ ചിത്രം പങ്കുവെച്ച് മമത ഒരു ജനാധിപത്യരാജ്യത്താണ് ഇത് സംഭവിക്കുന്നതെന്ന് ഓര്‍മിപ്പിക്കുകയുണ്ടായി.